അബൂദബിയിൽ 'ബയോ ബാങ്ക്' വരുന്നു
80 തരം രോഗങ്ങളുടെ ചികിൽസക്ക് സഹായകമാവും
അബൂദബി: അബൂദബിയിൽ ബയോ ബാങ്ക് രൂപീകരിക്കുന്നു. മൂലകോശങ്ങൾ അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും നൽകേണ്ട ചികിൽസ, മരുന്ന് എന്നിവ നിശ്ചയിക്കാൻ ലക്ഷ്യമിട്ടാണ് ബോയോ ബാങ്ക് രൂപീകരിക്കുന്നത്. അൽ ബത്തീൻ കൊട്ടാരത്തിൽ അബൂദബി കിരീടാകവാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന അബൂദബി എക്‌സിക്യൂട്ടീവ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ബയോ ബാങ്ക് രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന് യോഗം അംഗീകാരം നൽകി. രക്തത്തിലെ പ്രശ്‌നങ്ങൾ, കാൻസർ, മജ്ജയെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങി 80 തരം രോഗങ്ങളുടെ ചികിൽസക്ക് ബയോ ബാങ്ക് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ. മനുഷ്യരുടെ മൂലകോശം അഥവാ സ്റ്റെസ് സെൽസ് ഉപയോഗിച്ച് ഓരോ വ്യക്തിക്കും നൽകേണ്ട പ്രത്യേക ചികിൽസ, മരുന്ന് എന്നിവ സംബന്ധിച്ച് ഗവേഷണം നടത്താൻ ബയോ ബാങ്കിലൂടെ കഴിയും. അബൂദബി സർക്കാറിന്റെ പ്രവർത്തനം സുഗമമാക്കാനുള്ള പുതിയ നടപടികളും, സംവിധാനങ്ങളും എക്‌സിക്യൂട്ടീവ് കൗൺസിൽ വിലയിരുത്തി.