കേന്ദ്രബജറ്റ് പ്രവാസികൾക്ക് നൽകിയത് തികഞ്ഞ നിരാശ മാത്രം

ഇന്ത്യൻ സമ്പദ്ഘടനക്ക് കഴിഞ്ഞ വർഷവും വൻതുകയാണ് പ്രവാസികൾ പണമയക്കലിലൂടെ നൽകിയത്

Update: 2024-07-23 19:14 GMT
Advertising

ദുബൈ: ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച പുതിയ കേന്ദ്രബജറ്റ് പ്രവാസികൾക്ക് നൽകിയത് തികഞ്ഞ നിരാശ മാത്രം. പ്രവാസി പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന പതിവു സമീപനം മാറ്റം കൂടാതെ തുടരുകയാണ് പുതിയ ബജറ്റിലും. ഗൾഫ് രാജ്യങ്ങളുമായി ശക്തമായ ബന്ധം തുടരുമ്പോഴും ഇവിടങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമകാര്യത്തിൽ കേന്ദ്രസർക്കാർ പതിവ് നിസ്സംഗത തുടരുകയാണ്.

അമിത വിമാനയാത്രാ നിരക്ക്, നാട്ടിലെത്തുന്ന പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതികൾ, പ്രവാസികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഉൾപ്പെടെ ഇക്കുറിയും ആവശ്യങ്ങൾ പലതായിരുന്നു. ബജറ്റ്പൂർവ ചർച്ചകളിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി പ്രവാസി കൂട്ടായ്മകൾ പല നിർദേശങ്ങളും സമർപ്പിച്ചെങ്കിലും അതൊന്നും പരിഗണിച്ചില്ല. പ്രവാസിക്ഷേമം മുൻനിർത്തിയുള്ള പ്രഖ്യാപനമോ ഫണ്ട് നീക്കിവെക്കലോ ഇക്കുറിയും ബജറ്റിൽ ഉണ്ടായില്ല. അതേസമയം, സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇളവുകൾ കള്ളക്കടത്ത് തടയാൻ പര്യാപ്തമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.

ഇന്ത്യൻ സമ്പദ്ഘടനക്ക് കഴിഞ്ഞ വർഷവും വൻതുകയാണ് പ്രവാസികൾ പണമയക്കലിലൂടെ നൽകിയത്. പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം യു.എ.ഇ, സൗദി അറേബ്യ, ഖത്തർ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ഉയർന്ന തോതിൽ പണം എത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രവാസി തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാൻ ബജറ്റ് തയാറായില്ല.

വിദേശ രാജ്യങ്ങളിൽ തൊഴിലെടുത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാരാണുള്ളത്. അവിദഗ്ധ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. സമഗ്ര കുടിയേറ്റ നിയമം ഉൾപ്പെടെ ആവിഷ്‌കരിക്കണമെന്ന പ്രവാസലോകത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിക്കാൻ വിസമ്മതിക്കുകയാണ്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News