വിപണിയിലെ മോശം ഉൽപന്നങ്ങൾ പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം; സൗകര്യം ഒരുക്കി യു.എ.ഇ
യു.എ.ഇ സാമ്പത്തിക മന്ത്രാലയം വെബ്‌സൈറ്റ് വഴിയാണ് ഉൽപന്നങ്ങൾ പിൻവലിക്കാൻ അപേക്ഷിക്കുന്നതിന് ഉപഭോക്താവിന് അവസരം നൽകുന്നത്
ദുബൈ:യു.എ.ഇയിൽ ഉൽപന്നങ്ങൾ മോശമാണെങ്കിൽ അവ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഇനി ഉപഭോക്താവിനെ നേരിട്ട് അപേക്ഷ നൽകാം. ആദ്യമായാണ് ഇത്തരമൊരു അവകാശം ഉപഭോക്താവിന് ലഭിക്കുന്നത്. യു.എ.ഇ. സാമ്പത്തിക മന്ത്രാലയം വെബ്‌സൈറ്റ് വഴിയാണ് ഉൽപന്നങ്ങൾ പിൻവലിക്കാൻ അപേക്ഷിക്കുന്നതിന് ഉപഭോക്താവിന് അവസരം നൽകുന്നത്. അപകടകരമായതും കേടുവന്നതും ആരോഗ്യത്തിന് ഹാനികരവുമായ ഉൽപന്നങ്ങൾ ഉപഭോക്താവിന് ചൂണ്ടിക്കാട്ടാം.
നേരത്തെ ഉൽപന്നങ്ങളുടെ വിതരണരംഗത്തുള്ളവർക്കാണ് ഇത്തരം അപേക്ഷ സമർപ്പിക്കാൻ അവകാശം നൽകിയിരുന്നത്. സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് പുറമേ മൊബൈൽ അപ്ലിക്കേഷൻ വഴിയും ഈ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ലോഗ് ഇൻ ചെയ്ത ശേഷം പിൻവലിക്കേണ്ട ഉൽപന്നത്തെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാം. പരാതി ഉന്നയിച്ച വസ്തുക്കൾ പിൻവലിച്ചാൽ അക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇതിന് പ്രത്യേകം ഫീസില്ല. ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ രാജ്യത്തെ ഉൽപന്ന നിർമാതാക്കളുമായും ഏജൻറുമാരുമായും സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുന്നത്.