കോപ് 28 ഉച്ചകോടി; അബൂദബിയിൽ മതനേതാക്കളുടെ ആഗോള സമ്മേളനം
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിശ്വാസി സമൂഹങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടാണ് സമ്മേളനം.
Update: 2023-09-07 18:44 GMT
യു എന്നിന്റെ കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി അടുത്ത മാസം ആറിന് അബൂദബിയിൽ മതനേതാക്കളുടെ ആഗോള സമ്മേളനം നടക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിശ്വാസി സമൂഹങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടാണ് സമ്മേളനം. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കോപ് 28 പ്രസിഡൻസി, യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം, കത്തോലിക്കാ സഭ എന്നിവയുടെ സഹകരണത്തോടെയാണ് ഇത്.
കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിൽ നേതാക്കളുടെ ധാർമിക ഉത്തരവാദിത്തങ്ങൾ, വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സഹകരണം, സുസ്ഥിര വികസനത്തിൽ താഴേ തട്ടിലുള്ള സമൂഹങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ഉച്ചകോടി ചർച്ച ചെയ്യും.