യു.എ.ഇയില്‍ കോവിഡ് ഗണ്യമായി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് അധികൃതര്‍
തറാവീഹ് നമസ്‌കാരത്തിന് പള്ളിയിലേക്ക് വരുന്ന സ്ത്രീകള്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണം
യു.എ.ഇയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രാലയം. സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച പാടില്ലെന്ന് യു.എ.ഇ ആരോഗ്യ മേഖലാ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.
റമദാനില്‍ യു.എ.ഇയിലെ പള്ളികളില്‍ പ്രാര്‍ത്ഥനക്ക് അനുമതിയുണ്ടെങ്കിലും മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും തുടരണമെന്ന് ഡോ. ഫരീദ അല്‍ഹൊസ്‌നി പറഞ്ഞു.
തറാവീഹ് നമസ്‌കാരത്തിന് പള്ളിയിലേക്ക് വരുന്ന സ്ത്രീകള്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണം. വ്രതമെടുക്കുന്നവര്‍ ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് കോവിഡല്ലെന്ന് ഉറപ്പാക്കണം. രോഗലക്ഷണമുള്ളവര്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതും പ്രാര്‍ഥനയ്ക്ക് പള്ളിയില്‍ പോകുന്നതും ഒഴിവാക്കണം. വാക്സിനെടുത്താലും കോവിഡ് വരില്ലെന്ന് അര്‍ഥമില്ലെന്നും ഡോ. ഫരീദ മുന്നറിയിപ്പ് നല്‍കി.
പുറത്തുപോകുന്നവര്‍ നിര്‍ബന്ധമായും ജാഗ്രത പാലിക്കണം. അടച്ചിട്ട മുറികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണം. നിയന്ത്രണം ലഘൂകരിച്ചെങ്കിലും കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നതില്‍ അലംഭാവും കാണിക്കരുതെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.