കോവിഡ്: ദുബൈ വിമാനത്താവള ടെര്‍മിനല്‍ വഴി ടിക്കറ്റില്ലാത്തവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം
ഡിസംബർ 29നും ജനുവരി എട്ടിനുമിടയിൽ 20 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ദുബൈ വിമാനത്താവള ടെർമിനലുകളിൽ ടിക്കറ്റില്ലാത്തവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. യാത്രക്കാരുടെയും ജോലിക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. കോവിഡിന്‍റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് നടപടി.
ഡിസംബർ 29നും ജനുവരി എട്ടിനുമിടയിൽ 20 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്. ഓരോ ദിവസവും 1,78,000 യാത്രക്കാർ ശരാശരി എത്തിച്ചേരും. ഈ സാഹചര്യം പരിഗണിച്ച് വിമാനത്താവളത്തിൽ പരമാവധി തിരക്ക് കുറക്കുന്നതിനാണ് ടിക്കറ്റില്ലാത്തവരുടെ പ്രവേശനം വിലക്കിയിരിക്കുന്നത്.
യാത്രക്കാരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും എപ്പോഴും ഉപദേശിക്കുന്നത് വിമാനത്താവളത്തിൽ വരുന്നതിനുപകരം വീട്ടിലിരുന്ന് യാത്ര പറയണമെന്നാണെന്നും പകർച്ചവ്യാധിയുടെ സാഹചര്യവും തിരക്കേറിയ അവധിക്കാലവും കണക്കിലെടുക്കുമ്പോൾ ഇത് ഇപ്പോൾ കൂടുതൽ പ്രധാനമാണെന്നും വിമാനത്താവളം ടെർമിനൽ ഓപറേഷൻസ് വൈസ് പ്രസിഡന്‍റ് ഈസ അൽ ശംസി പറഞ്ഞു. വിമാനത്താവളത്തിന് അകത്തും പുറത്തും ആൾകൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ അടുത്ത 10 ദിവസം എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി പത്തോടെയാണ് യാത്രാ സീസൺ അവസാനിക്കുന്നത്.