പാസ്‌പോർട്ട് രഹിത യാത്ര ചെയ്യാൻ സൗകര്യമൊരുക്കാനൊരുങ്ങി ദുബൈ വിമാനത്താവളം
ബയോമെട്രിക്സും ഫേസ് റെകഗ്നിഷനും ഉപയോഗിച്ച് മുഖവും വിരലുകളും പരിശോധിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുക
ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ-3 ഉപയോഗിക്കുന്ന യാത്രക്കാർക്ക് പാസ്‌പോർട്ട് രഹിത യാത്ര ചെയ്യാൻ വൈകാതെ സൗകര്യം. ബയോമെട്രിക്സും ഫേസ് റെകഗ്നിഷനും ഉപയോഗിച്ച് മുഖവും വിരലുകളും പരിശോധിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുക. നവംബർ അവാസാനത്തോടെ പുതിയ സംവിധാനം നിലവിൽ വരും.
സുഗമ യാത്രയ്ക്കായി ഇലക്ട്രോണിക് ഗേറ്റുകൾക്ക് പകരം സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുമെന്ന് ദുബൈ എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ദുബൈ വിമാനത്താവളത്തിൽ പുതിയ സംവിധാനാ ഒരുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാണ് നീക്കം.
പുതിയ സാങ്കേതിക വിദ്യ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പാസ്‌പോർട്ട് ഇല്ലാതെ തന്നെ ആളുകളെ തിരിച്ചറിയാവുന്ന സംവിധാനമാണിത്. ഇതിലൂടെ അനധികൃത കുടിയേറ്റം തടയാനും സുരക്ഷ വർധിപ്പിക്കാനും സാധിക്കും. 23 വർഷം മുൻപ് ലോകത്ത് തന്നെ ഇലക്‌ട്രോണിക് ഗേറ്റുകൾ ആദ്യം നടപ്പാക്കിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബൈ.
തടസ്സമില്ലാതെ യാത്ര കൂടുതൽ സുഗമമാക്കാൻ ബിഗ് ഡാറ്റ ഉപയോഗപ്പെടുത്തും. സ്മാർട്ട് ഗേറ്റുകളുടെ നാലാം തലമുറ വികസനമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഇ-ഗേറ്റുകളെക്കാൾ കൂടുതൽ സൗകര്യപ്രദമാണ് സ്മാർട്ട് പാസേജെന്നും ദുബൈ എമിഗ്രേഷൻ മേധാവി വ്യക്തമാക്കി.