പുതിയ റെക്കോർഡിട്ട് ദുബൈ വിമാനത്താവളം: കഴിഞ്ഞ വർഷം യാത്ര ചെയ്തത് 8.70 കോടി യാത്രക്കാർ
ഏറ്റവും കൂടുതൽ പേർ പറന്നത് ഇന്ത്യയിലേക്ക്
ദുബൈ: പുതിയ റെക്കോർഡിട്ട് ദുബൈ വിമാനത്താവളം. പോയവർഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയത് 8 കോടി 70 ലക്ഷം യാത്രക്കാർ. മുൻവർഷത്തെ അപേക്ഷിച്ച് 31.7 ശതമാനം വളർച്ചയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. ലോകത്തെ തിരക്കേറിയ വിമാനത്താവളം എന്ന നിലയിൽ സ്വന്തം റെക്കോർഡുകൾ തിരുത്തുകയാണ് ദുബൈ.
2023 ലെ കണക്കുകൾ പ്രകാരം 8 കോടി 70 ലക്ഷം യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയത്. കാനഡ, ചിലി, ഗ്രീസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയേക്കാൾ അധികമാണിത്.
7കോടി 75 ലക്ഷം ബാഗേജുകൾ ഈ കാലയളവിൽ കൈകാര്യം ചെയ്തു. 99.8 ശതമാനം കൃത്യതയോടെ ബാഗേജുകൾ യാത്രക്കാരിലെത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ സെക്കൻഡിലും രണ്ട് ബാഗുകൾ വീതം കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിൽ സാധിച്ചു.
4,16,405 വിമാനങ്ങൾ കഴിഞ്ഞവർഷം ദുബൈ വിമാനത്താവളത്തിറങ്ങി വന്നിറങ്ങിപോയി. ഇന്ത്യകഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ പറന്നത് സൗദി, യുകെ വിമാനത്താവളങ്ങളിലേക്കാണ്. ഏറ്റവും കൂടുതൽ പേർ ദുബൈയിൽ നിന്ന് പറന്നത് ലണ്ടൻ വിമാനത്താവളത്തിലേക്കാണ്. 37 ലക്ഷം പേർ. രണ്ടാം സ്ഥാനത്ത് സൗദി തലസ്ഥമാനമായ റിയാദാണ്. 26 ലക്ഷം യാത്രക്കാർ. തൊട്ടുപിന്നാലെ ഇന്ത്യയിലെ മുംബൈ വിമാനത്താവളമുണ്ട്. 25 ലക്ഷം യാത്രക്കാരാണ് ദുബൈയിൽ നിന്ന് മുംബൈയിലേക്ക് കഴിഞ്ഞവർഷം പറന്നത്.