യോസമതെയിലെ കാടും മലയും താണ്ടി ദുബൈ കിരീടാവാശിയുടെ സാഹസികയാത്ര
യാത്രയുടെ ദൃശ്യങ്ങൾ വൈറലാകുന്നു
അമേരിക്കയിലെ കാടും വന്യമൃഗങ്ങളും നിറഞ്ഞ യോസമതെ ദേശീയപാർക്കിലൂടെ ദുബൈ കിരീടാവകാശി നടത്തിയ സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. 35 കിലോമീറ്റർ കാടും മലയും കയറിങ്ങിയുള്ള സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രമിലാണ് പങ്കുവെച്ചത്.
2962 മീറ്റർ ഉയരമുള്ള കൊടുമുടിയും 1417മീറ്റർ ഉയരമുള്ള മറ്റൊരു കൊടുമുടിയും താണ്ടി ദേശീയപാർക്കിലൂടെയുള്ള യാത്രയുടെ വിശദാംശങ്ങൾ ശൈഖ് ഹംദാൻ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. ഒമ്പത് മണിക്കൂർ കൊണ്ടാണ് കിരീടാവകാശിയും സംഘവും 35 കിലോമീറ്റർ ട്രക്കിങ് പൂർത്തിയാക്കുന്നത്.
യാത്രക്കിടയിൽ കണ്ട പാമ്പും കരടിയും വെള്ളച്ചാട്ടവുമെല്ലാം ശൈഖ് ഹംദാൻ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. നിരവധി വെല്ലുവിളികൾ നിറഞ്ഞ ഹാഫ് ഡോം എന്ന സ്ഥലത്തും ഇവർ എത്തിച്ചേർന്നിട്ടുണ്ട്. ശൈഖ് ഹംദാന്‍റെ സന്തത സഹചാരിയായ അമ്മാവൻ സഈദും യാത്രയിൽ കൂടെയുണ്ട്. യാത്രപൂർത്തിയാക്കി കാൽകുഴഞ്ഞ സംഘം കാലിൽ ഐസ് വെക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
മുമ്പും നിരവധി സാഹസിക പ്രകടനങ്ങളിലൂടെ മില്യൺ കണക്കിന് ഫാൻസിന്റെ കൈയടി വാങ്ങിയ നേതാവാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം.