20,800 കോടിയുടെ ജനക്ഷേമ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ പ്രധാനമന്ത്രി
ദുബൈയുടെ ഭരണം ഏറ്റെടുത്തതിന്‍റെ വാർഷിക ദിനമായ ജനുവരി നാലിന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചത്
ദുബൈ: ജനങ്ങളുടെ സാമൂഹികക്ഷേമം ലക്ഷ്യമിട്ട് 20,800 കോടിയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം. 'ദുബൈ സോഷ്യൽ അജണ്ട 33' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പത്തു വർഷത്തിനുള്ളിൽ സ്വദേശി കുടുംബങ്ങളുടെ എണ്ണം രണ്ട് മടങ്ങ് വർധിപ്പിക്കുകയാണ് ലക്ഷ്യം.
ദുബൈയുടെ ഭരണം ഏറ്റെടുത്തതിന്‍റെ വാർഷിക ദിനമായ ജനുവരി നാലിന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചത്. ദുബൈ ഭരണാധികാരി എന്ന നിലയിൽ ജനുവരി നാലിന് ശൈഖ് മുഹമ്മദ് 18 വർഷം പൂർത്തിയാവുകയാണ്.
കുടുംബമാണ് രാജ്യത്തിന്‍റെ അടിത്തറ' എന്നതാണ് അജണ്ടയുടെ പ്രമേയം. ജനങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന ആരോഗ്യ പരിരക്ഷാ സംവിധാനം കൊണ്ടുവരിക, ഭാവിയിലെ പുത്തൻ സാങ്കേതികവിദ്യകളും അറിവും ഉപയോഗിച്ച് വിദ്യാർഥികളെ സജ്ജമാക്കുന്ന മികച്ച വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുക, കുടുബങ്ങളുടെ സംരക്ഷണം, പരിപാലനം, ശാക്തീകരണം എന്നിവയിൽ ഊന്നിയ സാമൂഹിക വ്യവസ്ഥ കൊണ്ടുവരിക തുടങ്ങിയ സമഗ്രമായ പദ്ധതികളാണ് അജണ്ട മുന്നോട്ടുവെക്കുന്നത്. ഇതു പ്രകാരം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് ഒരു വർഷത്തിനകം എല്ലാ സ്വദേശി കുടുംബങ്ങൾക്കും ഭൂമിയും വായ്പയും അനുവദിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
ജന്മനാട് എന്നത് വെറും അക്കങ്ങളും ഘടനകളും മാത്രം ചേർന്നതല്ലെന്നും അത് ഒരു കുടുംബവും ഒരു വ്യക്തിയുമാണെന്നും ശൈഖ് മുഹമ്മദ് എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി. സോഷ്യൽ അജണ്ടക്ക് കൃത്യമായ ലക്ഷ്യങ്ങളും പദ്ധതികളും അത് നടപ്പിലാക്കാനുള്ള ഫണ്ടുകളുമുണ്ട്. മക്കളായ ഹംദാൻ, മക്തൂം, അഹമ്മദ് എന്നിവരും അവരുടെ സഹോദരങ്ങളും പുതിയ അജണ്ട നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കും.
Summary: Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, launches Dubai Social Agenda D33, with a budget of Dh208b