ഈ വര്‍ഷവും ലോകത്തെ ഏറ്റവും ജനപ്രിയ നഗരം ദുബൈ ആയിരിക്കുമന്ന് ട്രിപ്പ് അഡൈ്വസര്‍ വിലയിരുത്തല്‍
ദുബൈ: 2022ല്‍ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നഗരം ദുബൈ ആയിരിക്കുമെന്ന് വിലയിരുത്തല്‍. ലോകമെമ്പാടുമുള്ള പ്രമുഖ റേറ്റിങ്ങുകളിലും അവലോകനങ്ങളിലും, പതിവുപോലെ ദുബൈ തന്നെയാണ് ഒന്നാമതെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയ നഗരങ്ങളില്‍ പ്രമുഖ യൂറോപ്യന്‍ വിനോദസഞ്ചാര നഗരങ്ങളായ ലണ്ടന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇറ്റലിയിലെ റോം ആറാം സ്ഥാനത്തും പാരിസ് നഗരം ഒമ്പതാം സ്ഥാനത്തുമാണെത്തിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ അമേരിക്കന്‍ ഓണ്‍ലൈന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരായ ട്രിപ്പ് അഡ്വൈസര്‍, 2020 നവംബര്‍ 1 മുതല്‍ 2021 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍, തങ്ങളുടെ വെബ്‌സൈറ്റില്‍ യാത്രക്കാര്‍ രേഖപ്പെടുത്തിയ അവലോകനങ്ങളുടെയും അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തില്‍ വിനോദസഞ്ചാര നഗരങ്ങളുടെ ഗുണനിലവാരവും മറ്റു അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് നഗരങ്ങള്‍ക്ക് റേറ്റിങ് നല്‍കുന്നത്.
എന്തു കൊണ്ട് ദുബൈ..?
പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് കരസ്ഥാമാക്കി ദുബൈ ഒന്നാമതെത്തിയതെന്തുകൊണ്ടാണെന്ന് സിഎന്‍എന്‍ വിശദീകരിക്കുന്നതിപ്രകാരമാണ്: ദുബൈ എക്കാലത്തേയും മികച്ച ആധുനിക നഗരമായിമാറിക്കഴിഞ്ഞുവെന്നാണ് ഡസ്റ്റിനേഷന്‍സ് ആന്‍ഡ് ട്രാവല്‍ അറ്റ് ട്രിപ്പ് അഡൈ്വസര്‍ ഡയരക്ടര്‍ ജസ്റ്റിന്‍ റീഡ് പറയുന്നത്. അതിസുന്ദര ബീച്ചുകള്‍, ലോകോത്തര റെസ്റ്റോറന്റുകള്‍, ആരെയും അതിശയിപ്പിക്കുന്ന ഹോട്ടലുകള്‍ തുടങ്ങി ദുബൈയെ ഏറ്റവും മികച്ച നഗരമാക്കുന്നതിന് നിരവധി ഘടകങ്ങളുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രിപ്പ് അഡൈ്വസറിലെ യാത്രക്കാരുടെ ചോയ്‌സുകളില്‍ ഈ ഘടകങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൊണ്ടെല്ലാമാണ് 2022ന്റെ തുടക്കത്തില്‍തന്നെ ലോകത്തെ ഏറ്റവും ജനപ്രിയ നഗരത്തിനുള്ള കിരീടം ദുബൈ സ്വന്തമാക്കിയിരിക്കുന്നത്.
കോവിഡ് വെല്ലുവിളി ലോകത്തെയാകെ പിടിച്ചു കുലുക്കിയിട്ടും വിദൂര രാജ്യങ്ങളില്‍നിന്ന് പോലും ദുബൈയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുകയാണ്.
വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനും താമസിക്കാനുമുള്ള ഇടങ്ങളും മികച്ച സൗകര്യങ്ങള്‍, ആസ്വാദ്യകരമായ ഇവന്റുകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയ്ക്ക് യാത്രക്കാര്‍ നല്‍കുന്ന റേറ്റിങ്ങിനെ അടിസ്ഥാനമാക്കിയാണ് അമേരിക്കന്‍ ഓണ്‍ലൈന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരായ ട്രിപ്പ് അഡ്വൈസര്‍ നഗരങ്ങള്‍ക്ക് റാങ്ക് നല്‍കുന്നത്.
നഗരപ്രേമികളുടെ ആദ്യ ലക്ഷ്യസ്ഥാനമായി ദുബൈ മാറിയപ്പോള്‍, ഭക്ഷണപ്രേമികളുടെ ജനപ്രിയ കേന്ദ്രമായി മാറിയിരിക്കുന്നത് ഇറ്റലിയാണ്. കൂടാതെ രുചികളും, ഔട്ട്‌ഡോര്‍ ടൂറിസവും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് കോസ്റ്റാറിക്കയാണ് മികച്ച ഇടം. അതേസമയം സണ്ണി കാലാവസ്ഥ ഇഷ്ടപ്പെടുന്നവര്‍ക്ക് മെക്‌സിക്കോയിലെ കാന്‍കൂണാണ് ഇഷ്ടഇടമായി മുന്നിലെത്തിയിരിക്കുന്നത്.