ലോകത്തെ തിരക്കേറിയ 10 വിമാന റൂട്ടുകളില്‍ അഞ്ചും ദുബൈക്ക് സ്വന്തം
രണ്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദുബൈയിലേക്ക് നടത്തുന്ന സർവീസും പട്ടികയിൽ ഇടം പിടിച്ചു
ദുബൈ: ലോകത്തെ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന പത്ത് വിമാന റൂട്ടുകളിൽ അഞ്ചും ദുബൈക്ക് സ്വന്തം. എയർട്രാവൽ ഇന്‍റലിജൻസ് കമ്പനിയായ ഒ.എ.ജിയാണ് തിരക്കേറിയ പത്ത് റൂട്ടുകളുടെ കണക്കുകൾ പുറത്തുവിട്ടത്. രണ്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദുബൈയിലേക്ക് നടത്തുന്ന സർവീസും പട്ടികയിൽ ഇടം പിടിച്ചു.
വിമാനങ്ങൾ സർവീസ് നടത്തുന്ന സീറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ലോകത്തെ പത്ത് തിരക്കേറിയ വിമാന റൂട്ടുകളെ ഒ.എ.ജി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഈജിപ്തിലെ കെയ്റോ വിമാനത്താവളത്തിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്കുള്ള റൂട്ടാണ് ലോകത്ത് ഏറ്റവും കൂടുതൽ തിരക്കേറിയത്. 32,34,683 സീറ്റുകളാണ് ഈ റൂട്ടിലെ യാത്രക്കായി വേണ്ടി വരുന്നത്.
രണ്ടാം സ്ഥാനം ദുബൈയിൽ നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള റൂട്ടാണ്. 31,91,090 യാത്രാ സീറ്റുകളാണ് ഈ റൂട്ടിൽ വേണ്ടി വരുന്നത്. മൂന്നാം സ്ഥാനം ന്യൂയോർക്ക്-ലണ്ടൻ സെക്ടറിനാണെങ്കിൽ നാലാം സ്ഥാനം ദുബൈ-ലണ്ടൻ റൂട്ടിനാണ്. ദുബൈ-ജിദ്ദ റൂട്ട് ആറാം സ്ഥാനത്ത് വരുന്നുണ്ട്. എട്ടാം സ്ഥാനവും, പത്താം സ്ഥാനവും ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദുബൈയിലേക്കുള്ള റൂട്ടാണ്. മുംബൈ-ദുബൈ റൂട്ട് 19,77,537 യാത്രക്കാരുമായി എട്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ, 18,98,749 യാത്രക്കാരുമായി ഡൽഹി-ദുബൈ റൂട്ടാണ് പത്താം സ്ഥാനത്തുള്ളത്.