ദുബൈ പൊലീസിന് 100 'ഔഡി' കാറുകൾ
ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ വാഹനങ്ങൾ വലിയ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ
ദുബൈ പൊലീസ് സേനക്ക് കൂടുതൽ മികവുറ്റ വാഹന ശേഖരം. 100ഔഡി കാറുകൾ കൂടിയാണ് ദുബൈ പൊലീസിന് കരുത്തുപകരാൻ എത്തുന്നത്. പ്രമുഖ ഇമാറാത്തി കമ്പനിയായ അൽ നബൂല ഓട്ടോമൊബൈൽസുമായുള്ള സഹകരണ കരാറിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കാറുകൾ. ഇലക്ട്രിക് വാഹനങ്ങൾ, ഏറ്റവും പുതിയ മോഡൽ ഔഡി വാഹനങ്ങൾ, നവീന സാങ്കേതികവിദ്യകൾ ചേർന്ന മോഡലുകൾ എന്നിവ പുതിയ ശേഖരത്തിൽ ഉൾപ്പെടും. ദുബൈ പൊലീസ് ക്ലബിൽ നടന്ന ചടങ്ങിൽ അൽ നബൂല ഓട്ടോമൊബൈൽസ് കമ്പനിയും ദുബൈ പൊലീസ് അധികൃതരും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സർക്കാർ സംവിധാനങ്ങളും സ്വകാര്യ മേഖലയും വിവിധ തലങ്ങളിൽ സഹകരിക്കുന്നതിന്‍റെ ഭാഗമെന്ന നിലക്കാണിതെന്ന് ദുബൈ പൊലീസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി പറഞ്ഞു. ട്രാഫിക് പട്രോൾ സംവിധാനത്തിലേക്കാണ് പുതിയ വാഹനങ്ങൾ പ്രയോജനപ്പെടുത്തുക. ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ വാഹനങ്ങൾ വലിയ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രവർത്തന മികവും മികച്ച ടെക്നോളജിയുമുള്ള ഔഡി വാഹനങ്ങളാണ് തെരഞ്ഞെടുത്തതെന്നും അധികൃതർ വ്യക്തമാക്കി. ദുബൈ പൊലീസിന് 100 ഔഡി കാറുകൾ കൈമാറാനയതിൽ അഭിമാനമുണ്ടെന്ന് അൽ നബൂല ഓട്ടോമൊബൈൽസ് സി.ഇ.ഒ കെ. രാജാറാം പറഞ്ഞു.