പ്രവാസികൾ ഇന്തോ-അറബ് ബന്ധത്തിന്‍റെ അംബാസഡർമാർ: കോൺസുൽ ജനറൽ
കെഎംസിസി പ്രവര്‍ത്തനങ്ങളെ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻപുരി അഭിനന്ദിച്ചു
പ്രവാസികൾ ഇന്തോ-അറബ് ബന്ധത്തിന്റെ അംബാസഡർമാരാണെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻപുരി. കെഎംസിസി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയിലായ നിരവധിപേരെ സഹായിക്കാൻ ഉൾപ്പെടെയുള്ള കൂട്ടായ്മകൾക്ക് സാധിക്കുന്നുണ്ടെന്നും അമൻപുരി അഭിപ്രായപ്പെട്ടു.
കെഎംസിസി ചെയ്യുന്ന സേവന പ്രവർത്തനങ്ങളും വിവിധ മേഖലകളിലുള്ള ഇടപെടലുകളും പ്രവാസിക്ഷേമത്തിൽ നിർണായകമാണെന്ന് ഡോ. അമൻ പുരി പറഞ്ഞു. ദുബൈ കെഎംസിസി പതിനഞ്ച് വർഷത്തിലേറെയായി നടപ്പാക്കിവരുന്ന സോഷ്യൽ വെൽഫെയർ സ്‌കീമിന്റെ മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗ് കോൺസുൽ ജനറൽ നിർവഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ കോൺസുൽ ജനറലിന് പ്രത്യേക സ്വീകരണവും നൽകി.
ദുബൈ കെഎംസിസിയുടെ ഉപഹാരം ഡോ. പിഎ ഇബ്രാഹിംഹാജി ഡോ. അമൻപുരിക്ക് സമ്മാനിച്ചു. യുഎഇ കെഎംസിസി അഡൈ്വസറി ബോർഡ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെർക്കള അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്‌മാൻ, ജനറൽ സെക്രട്ടറി പികെ അൻവർ നഹ, ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റി, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സികെ അബ്ദുൽ മജീദ്, ഒ. മൊയ്തു സംസാരിച്ചു.