യു.എ.ഇയില്‍ നാല് മങ്കിപോക്‌സ് കേസുകള്‍ കൂടി; മുന്‍കരുതല്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി
യു.എ.ഇയില്‍ കഴിഞ്ഞദിവസം നാല് മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മങ്കിപോക്‌സ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഈമാസം 24 നാണ് യു.എ.ഇയില്‍ ആദ്യ കേസ് സ്ഥിരീകരിച്ചത്.
കൂടുതല്‍ മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യനിവാസികള്‍ രോഗത്തിനിതിരെ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
രോഗികകളുമായി അടുത്ത് പെരുമാറുന്നവരിലേക്ക് മാത്രമാണ് മങ്കിപോക്‌സ് പകരാന്‍ സാധ്യതയുള്ളത്. രോഗികളുമായി സമ്പര്‍ക്കമുള്ളര്‍ 21 ദിവസം ഹോം ക്വാറന്റയ്‌നില്‍ കഴിയണമെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. പനി, ശരീരവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്.
രോഗം ഗുരുതരമായാല്‍ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലാതെ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ട്. എന്നാല്‍ 6 ശതമാനം കേസുകളില്‍ ഇത് മാരകമാകാറുണ്ട്. അതുപോലെ കുട്ടികളിലും ഇത് കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.