ക്യാൻസർ ബാധിതരായ കുട്ടികൾക്കുള്ള സൗജന്യ സേവനം: ഹോപ്പിന്റെ പ്രവർത്തനം ബംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു

കേരളത്തിലെ വിവിധ ജില്ലകളിലെ കാൻസർ ആശുപത്രികളുമായി സഹകരിച്ചാണ് ഹോപ്പ് പ്രധാനമായും പ്രവർത്തിക്കുന്നത്

Update: 2025-03-27 14:27 GMT
Editor : razinabdulazeez | By : Web Desk
ക്യാൻസർ ബാധിതരായ കുട്ടികൾക്കുള്ള സൗജന്യ സേവനം: ഹോപ്പിന്റെ പ്രവർത്തനം ബംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു
AddThis Website Tools
Advertising

ദുബായ്: കാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ പരിചരണവും കരുതലും നൽകുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ തങ്ങളുടെ പ്രവർത്തനങ്ങൾ ബംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു. ബംഗളൂരുവിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ഹോപ്പ് ഹോംസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് ധാരണയായിയെന്ന് ഹോപ്പിൻ്റെ ഡയറക്ടർ ബോർഡ് ദുബായിൽ അറിയിച്ചു. ഇതിൻ്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതോടെ കേരളത്തിന് പുറത്തേക്കും ഹോപ്പിൻ്റെ മനുഷ്യത്വപരമായ സേവനങ്ങൾ ലഭ്യമാകും.

കാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷയുടെയും സ്നേഹത്തിൻ്റെയും തണലൊരുക്കുന്നതിൽ ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ഇതിനോടകം തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ കാൻസർ ആശുപത്രികളുമായി സഹകരിച്ചാണ് ഹോപ്പ് പ്രധാനമായും പ്രവർത്തിക്കുന്നത്. നിലവിൽ കോഴിക്കോട്, മുക്കം, തലശ്ശേരി, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ഹോപ്പ് ഹോംസുകൾ പ്രവർത്തിക്കുന്നുണ്ട്. കാൻസർ നൽകുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങളിൽ നിന്ന് കുട്ടികൾക്ക് ആശ്വാസം നൽകുന്നതിനായി ശിശുസൗഹൃദവും ശുചിത്വവുമുള്ള താമസസൗകര്യം, പോഷകാഹാരം, യാത്രാസൗകര്യം, കുടുംബങ്ങൾക്കുള്ള താമസം, ഭക്ഷണം, കൗൺസിലിംഗ്, വിനോദപരിപാടികൾ, ഹോം സ്കൂളിംഗ് തുടങ്ങിയ സൗജന്യ സേവനങ്ങളാണ് ഹോപ്പ് നൽകുന്നത്. ഇതിനോടകം 4000-ത്തിലധികം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഹോപ്പിൻ്റെ സേവനങ്ങൾ ലഭിച്ചു കഴിഞ്ഞു.

അതിനിടയിൽ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ആളുകളെ ഒന്നിപ്പിച്ച് കാൻസർ ബാധിതരായ കുട്ടികൾക്ക് കൂടുതൽ സഹായം നൽകുന്നതിനായി 'ഹോപ്പ് കണക്ട്' എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക പ്ലാറ്റ്ഫോമുകൾ ആരംഭിക്കുമെന്ന് ബോർഡ് അംഗങ്ങൾ അറിയിച്ചു. പ്രാദേശിക തലത്തിൽ ഹോപ്പിൻ്റെ സേവനങ്ങൾ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ആദ്യഘട്ടം എന്ന നിലയിൽ തലശ്ശേരിയിൽ പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കൂട്ടായ്മകൾ ഈ രംഗത്ത് കൂടുതൽ ഫലപ്രദമാണെന്ന് മനസ്സിലാക്കിയാണ് ഹോപ്പ് കണക്ട് എന്ന പ്ലാറ്റ്ഫോമിന് രൂപം നൽകിയത്. കാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകാൻ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇതിന് സമൂഹത്തിൻ്റെ വലിയ പിന്തുണ ആവശ്യമാണെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ദുബായിൽ നടന്ന ഡയറക്ടർമാരുടെ യോഗത്തിൽ ഹാരിസ് കാട്ടകത്ത്, ഷാഫി അൽ മുർഷിദി, ഡോ. സൈനുൽ ആബിദിൻ, റിയാസ് കിൽട്ടൻ, ഷംസുദ്ദീൻ ഫൈൻടൂൾസ്, അഡ്വ. അജ്മൽ, അഡ്വ. ഹാഷിം അബൂബക്കർ, മുജീബ്, ഗോമസ് തുടങ്ങിയവർ പങ്കെടുത്തു.

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News