യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം
യു.എ.ഇ സെൻട്രൽ ബാങ്കാണ് അന്താരാഷ്ട്രതലത്തിൽ ദിർഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്


ദുബൈ: യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം. യു.എ.ഇ സെൻട്രൽ ബാങ്കാണ് അന്താരാഷ്ട്രതലത്തിൽ ദിർഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്. ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കാൻ ഇനി മുതൽ പുതിയ ചിഹ്നമാണ് ഉപയോഗിക്കുക. ഡിജിറ്റൽ ദിർഹം പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ദിർഹത്തെ സൂചിപ്പിക്കുന്ന D എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ പതാകയെന്ന് തോന്നിക്കുന്ന രണ്ട് വരകൾ ഉൾപ്പെടുത്തിയാണ് ദിർഹത്തിന്റെ ചിഹ്നം തീർത്തിരിക്കുന്നത്. തിരശ്ചീനമായ വരകൾ രാജ്യത്തിന്‍റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സെൻട്രൽബാങ്ക് അധികൃതർ പറഞ്ഞു. അറബിക് കലിഗ്രാഫിയുടെ ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള ധനിവിനിമയ മേഖലയിൽ ഈ ചിഹ്നമായിരിക്കും ഇനി ദിർഹത്തെ പ്രതിനിധാനം ചെയ്യുക. ഡിജിറ്റൽ ദിർഹമിന്‍റെ ലോഗോയിൽ യു.എ.ഇ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന ഒരു വൃത്താകൃതിയിലുള്ള രൂപകൽപനയുണ്ട്. ഡിജിറ്റൽ ദിർഹം വിനിമയത്തിനായി പ്രചാരണത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സെൻട്രൽബാങ്ക് അറിയിച്ചു.