'ഹലോ, ഇത് ഷെയ്ഖ് ഹംദാനാണ്'; ദുബൈയിലെ ഹീറോ ഡെലിവറി ബോയിക്ക് കിരീടാവകാശിയുടെ ഫോൺകോൾ
ജീവൻപോലും പണയപ്പെടുത്തി റോഡിൽവീണുകിടന്ന രണ്ട് കോൺക്രീറ്റ് ഇഷ്ടികകൾ നീക്കം ചെയ്ത ദൃശ്യങ്ങളാണ് ഗഫൂറിനെ ഹീറോ പരിവേഷത്തിലെത്തിച്ചിരിക്കുന്നത്
പാകിസ്ഥാൻ സ്വദേശി അബ്ദുൾ ഗഫൂർ അബ്ദുൾ ഹക്കീമിന് അൽപനേരത്തേക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഓർഡർ ഡെലിവറിക്കായി പുറപ്പെട്ടപ്പോഴാണ് ഒരു അത്യപൂർവ ഫോൺകോൾ ഗഫൂറിനെ തേടിയെത്തിയത്. തനിക്കും കുടുംബത്തിനും അന്നം തരുന്ന നാടിന്റെ രാജകുമാരൻതന്നെ നേരിട്ടുവിളിച്ചപ്പോൾ ആ യാഥാർത്ഥ്യം ഉൾകൊള്ളാൻ അൽപം സമയം വേണ്ടിവന്നു ഗഫൂറിന്.
തലാബത്ത് ഡെലിവറി തൊഴിലാളിയായ അബ്ദുൾ ഗഫൂർ, അൽപം ദിവസങ്ങൾക്ക് മുൻപ് അൽഖൂസിലെ തിരക്കേറിയ ട്രാഫിക് ജംങ്ഷനിൽ, തന്റെ ജീവൻപോലും പണയപ്പെടുത്തി റോഡിൽവീണുകിടന്ന രണ്ട് കോൺക്രീറ്റ് ഇഷ്ടികകൾ നീക്കം ചെയ്ത ദൃശ്യങ്ങളാണ് ഗഫൂറിനെ ഹീറോ പരിവേഷത്തിലെത്തിച്ചിരിക്കുന്നത്.
കാഴ്ചകണ്ട ഏതോ വ്യക്തിയാണ് ഈ വീരകൃത്യത്തിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചത്. വൈറലായ വീഡിയോ ദുബൈകിരീടവകാശിയുടെ ശ്രദ്ധയിൽപെട്ടതോടെ അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് ഷെയ്ഖ് ഹംദാൻ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടത്. ലക്ഷക്കണക്കിന് ആരാധകരുള്ള രാജകുമാരന് അധികം പ്രയാസപ്പെടാതെ തന്നെ തന്റെ ഹീറോയെ കണ്ടെത്താനും സാധിച്ചിരുന്നു.
തന്റെ കാതുകളെ തനിക്ക് വിശ്വസിക്കാനായില്ലെന്നും ജീവിതത്തിലെ അത്യപൂർവനിമിഷമാണിതെന്നുമാണ് അബ്ദുൾ ഗഫൂർ ഇതിനോട് പ്രതികരിച്ചത്. ദുബൈ കിരീടാവകാശി തന്നോട് നന്ദി പറഞ്ഞതായും, ഇപ്പോൾ അദ്ദേഹം രാജ്യത്തിന് പുറത്താണെന്നും തിരിച്ചെത്തിയാലുടൻ തന്നെ നേരിൽ കാണാമെന്നും വാഗ്ദാനം ചെയ്തതായി ഗഫൂർ പറഞ്ഞു.
ഷെയ്ഖ് ഹംദാൻ വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ തന്റെ വിവരങ്ങൾ ലഭിച്ചതായും കിരീടാവകാശി തന്നോട് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും ദുബൈ പൊലീസ് ഗഫൂറിനെ അറിയിച്ചിരുന്നു. തന്റെ നല്ല പ്രവർത്തനം കാരണമായി തലാബത്ത് കമ്പനി ഗഫൂറിന് നാട്ടിൽ പോവാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമായി ടിക്കറ്റ് അടക്കം നൽകി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. എങ്കിലും ഇനി ഞാൻ ഷെയ്ഖിനെ കണ്ടതിന് ശേഷം മാത്രമേ നാട്ടിൽ പോകൂവെന്നാണ് ഗഫൂറിന്റെ നിലപാട്.