വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റം; ഇസ്രായേലിനെതിരെ യുഎൻ സമിതി
ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്താൻ അന്തർദേശീയ സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനക്കു മുമ്പാകെ യുഎൻ സമിതി നിർദേശിച്ചു.
ദുബൈ: വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റം ഫലസ്തീൻ പ്രശ്നപരിഹാരം സങ്കീർണമാക്കുമെന്ന് അഭയാർഥികൾക്കായുള്ള യുഎൻ സമിതിയുടെ മുന്നറിയിപ്പ്. ഇസ്രായേൽ അതിക്രമങ്ങൾ കാരണം ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീൻ ജീവിതം കൂടുതൽ ദുരിതപൂർണമായി മാറിയെന്നും സമിതി ചൂണ്ടിക്കാട്ടി.
ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്താൻ അന്തർദേശീയ സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനക്കു മുമ്പാകെ യുഎൻ സമിതി നിർദേശിച്ചു. ഗസ്സയിലെ 12 ലക്ഷത്തോളം വരുന്ന മനുഷ്യർക്ക് 35 ദശലക്ഷം ഭക്ഷ്യോൽപന്നങ്ങൾ അടിയന്തരമായി ലഭ്യമാക്കണം. ഗസ്സയിലെ സ്ഥിതിഗതികൾ ഗുരുതരമാണ്. വൈദ്യുതി പ്രതിസന്ധി മൂലം ജനങ്ങൾ വലയുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നടത്തുന്ന സൈനിക നടപടികൾ വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണ്. പരമാവധി സംയമനം പാലിക്കാൻ ഇസ്രായേൽ തയറാകണമെന്നും സമിതി അഭ്യർഥിച്ചു.
പശ്ചിമേഷ്യയിലെ യുഎൻ സമാധാന ദൂതൻ ടോർ വെനസ്ലാന്റും നിലവിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി. ഫലസ്തീൻ പ്രദേശങ്ങളിലെ എല്ലാ നിയമവിരുദ്ധ കുടിയേറ്റങ്ങളും പ്രശ്നപരിഹാരം അസാധ്യമാക്കി മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫലസ്തീൻ സ്വത്തുവകകൾ തകർക്കുന്ന നടപടികളിൽ നിന്ന് ഇസ്രായേൽ പിന്തിരിയണമെന്നും വെനസ്ലാന്റ് ആവശ്യപ്പെട്ടു.