ഹൈഡ്രോജനറേറ്റഡ് എണ്ണക്ക് യു.എ.ഇയിൽ ഉടൻ നിരോധനം വരും
ഭക്ഷ്യ വസ്തുക്കൾ കേടുകൂടാതിരിക്കാൻ ഉപയോഗിക്കുന്നതാണ് ഹൈഡ്രോജനറേറ്റഡ് എണ്ണ
ദുബൈ: ഭക്ഷ്യ പ്രിസർവേറ്റീവായ ഹൈഡ്രോജനറേറ്റഡ് എണ്ണക്ക് യു.എ.ഇയിൽ ഉടൻ നിരോധനം വന്നേക്കുമെന്ന് സൂചന. ഹോട്ടലുകളിലും മറ്റും ഭക്ഷണം കേടുകൂടാതെ കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ഹൈഡ്രോജനേറ്റഡ് എണ്ണ. കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷക്കായുള്ള ഫെഡറൽ നാഷനൽ കൗൺസിൽ യോഗത്തിൽ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഡോ. അംന അൽ ദഹകാണ് ഈ എണ്ണയുടെ നിരോധനം സംബന്ധിച്ച വിഷയം ഉന്നയിച്ചത്.
ഹൈഡ്രോജനറേറ്റഡ് എണ്ണയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നാണ് എഫ്.എൻ.സിയുടെ വിലയിരുത്തൽ. നിലവിൽ എഫ്.എൻ.സി ഭാഗിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹോട്ടലുകളും മറ്റും ഇത് ചെറിയ തോതിൽ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാൽ, രാജ്യത്തെ ഭക്ഷ്യ വ്യവസായ രംഗത്ത് ഹൈഡ്രോജനറേറ്റഡ് എണ്ണയുടെ ഉപയോഗം പൂർണമായും നിരോധിക്കുന്നതിനാണ് നീക്കം.
അതേസമയം, പൂർണ നിരോധനം പ്രാബല്യത്തിൽ വരുത്തുന്നതിന് മുമ്പായി ചില മാനണ്ഡങ്ങളും നിലവാരവും പാലിക്കുന്നതിനായി സ്ഥാപനങ്ങൾക്ക് നിശ്ചിത കാലയളവ് അനുവദിക്കും. തുടർന്ന് നിരോധനം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാന അതോറിറ്റികൾ നിരീക്ഷിക്കുകയും ചെയ്യും.