കൽബ ഹെറിറ്റേജ് മാർക്കറ്റ് വീണ്ടും തുറന്നു; ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു
ഷാർജയിലെ പേരുകേട്ട കൽബ മാർക്കറ്റിൽ രണ്ടു നിരകളിലായി 140 ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്
ഷാർജ: ഷാർജയിലെ അതിപുരാതനമായ കൽബ ഹെറിറ്റേജ് മാർക്കറ്റ് പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കി വീണ്ടും തുറന്നു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു..
ഖോർഫുക്കാനിലെ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി തലവൻമാരായ ശൈഖ് സഈദ് ബിൻ സഖർ അൽ ഖാസിമി, ശൈഖ് ഹൈതം ബിൻ സഖർ അൽ ഖാസിമി എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന പരിപാടികൾക്കായി സുൽത്താനെ സ്വീകരിച്ചത്. ഷാർജയിലെ പേരുകേട്ട കൽബ മാർക്കറ്റിൽ രണ്ടു നിരകളിലായി 140 ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്.
ഇവയുടെ മുൻ ഭാഗങ്ങൾ നഗരത്തിന്‍റെ പരമ്പരാഗത നഗര ശൈലിക്ക് അനുസൃതമായി പൈതൃക മുദ്രയോടെയാണ് നിർമിച്ചിരിക്കുന്നത്. എല്ലാ കടകൾക്കും മുന്നിൽ 570 മീറ്റർ നീളത്തിൽ രണ്ട് വ്യത്യസ്ത രീതിയിലുള്ള മരവും പ്ലാസ്റ്ററും, വാസ്തുവിദ്യാ സ്വഭാവമുള്ള കമാനങ്ങളും ഹെറിറ്റേജ് ആർക്കേഡും നിർമിച്ചിട്ടുണ്ട്.
ശൈഖ് സഈദ് ബിൻ ഹമദ് സ്ട്രീറ്റിന് കിഴക്ക് 120 മീറ്റർ നീളത്തിലും തെരുവിന്‍റെ പടിഞ്ഞാറ് ഭാഗത്ത് 470 മീറ്റർ നീളത്തിലും പൈതൃക വിപണിയെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പരിസരങ്ങളിലായി ഒരുക്കിയിട്ടുള്ള 473 പാർക്കിങ് ഇടങ്ങൾ സന്ദർശകർക്ക് മാർക്കറ്റിലേക്ക് പ്രവേശനം സുഖമമാക്കും