ഷാർജയിൽ ചെറു വാഹനാപകടങ്ങൾ ഇനി എളുപ്പം റിപ്പോർട്ട് ചെയ്യാം; റാഫിദ് ആപ്പിൽ സൗകര്യമേർപ്പെടുത്തി പൊലീസ്
പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇൻഷൂറൻസിന് ആവശ്യമായ രേഖകൾ ആപ്പിലൂടെ ലഭിക്കും
ഷാർജ: ചെറു വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഷാർജയിൽ ഇനി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി സമയം കളയേണ്ടതില്ല. ചെറു വാഹനാപകടങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ റാഫിദ് മൊബൈൽ ആപ്പിൽ സൗകര്യമേർപ്പെടുത്തി. അപകടമുണ്ടായാൽ പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇൻഷൂറൻസിന് ആവശ്യമായ രേഖകൾ ആപ്പിലൂടെ ലഭിക്കും.
ചെറിയ ആക്‌സിഡന്റുണ്ടായാൽ ഉടൻ മറ്റു വാഹനങ്ങൾക്ക് തടസമാകാത്ത വിധം അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിന്റെ വശത്തേക്ക് മാറ്റിയിടണം. ശേഷം റാഫിദ് ആപ്പിൽ അപകടം നടന്ന ലൊക്കേഷൻ രേപ്പെടുത്തണം. ശേഷം വാഹനത്തിന്റെ വിവരങ്ങളും ലൈസൻസ് നമ്പരും അപകടത്തിന്റെ ചിത്രം, കേടുപാടുണ്ടായ ഭാഗങ്ങളുടെ ചിത്രം എന്നിവ ആപ്പിൽ അപ്ലോഡ് ചെയ്യണം.
ഇത്തരത്തിൽ അപകട റിപ്പോർട്ടുണ്ടാക്കുമ്പോൾ ഫീസിൽ 55 ദിർഹം ഇളവുണ്ടാകും. ഇതിന് മാത്രമല്ല, അർധരാത്രികളിൽ വാഹനത്തിന്റെ ബാറ്ററി കേടാവുക, ടയർ പൊട്ടുക തുടങ്ങിയ അടിയന്തര സാഹചര്യളിൽ സഹായം തേടാനും റാഫിദ് ആപ്പിൽ സൗകര്യമുണ്ടാകുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.