വിൽചെയറിൽ നീങ്ങി മലയാളി ഗിന്നസ് ബുക്കിൽ; ഏറ്റവും ദൈർഘ്യമേറിയ ജി.പി.എസ് ചിത്രം വരച്ചു
വീൽ ചെയറിൽ സഞ്ചരിച്ച്, ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത ജി.പി.എസ് ചിത്രം വരച്ചാണ്, മാവേലിക്കര സ്വദേശി സുജിത് കോശി വർഗീസ് പുതിയ റെക്കോർഡിട്ടത്
/g അപകടത്തിൽ അരക്ക് താഴെ തളർന്ന മലയാളി യുവാവ്, ദുബൈ പൊലീസിന്റെ പിന്തുണയോടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. വീൽ ചെയറിൽ സഞ്ചരിച്ച്, ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത ജിപിഎസ് ചിത്രം വരച്ചാണ്, മാവേലിക്കര സ്വദേശി സുജിത് കോശി വർഗീസ് പുതിയ റെക്കോർഡിട്ടത്. 2013 ൽ തന്റെ പഠനകാലത്ത്, ബംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിലാണ് സുജിത് കോശി വർഗീസിന് അരക്ക് താഴേക്ക് തളർന്നുപോയത്. ജീവിതത്തിലേക്ക് മടങ്ങാൻ 40 ശതമാനം മാത്രം സാധ്യതയുള്ളുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ സുജിത് അപകടത്തിന് പത്ത് വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് ഗിന്നസ് റെക്കോർഡ് സ്വന്താക്കിയത്.
ബുർജ് ഖലീഫയിൽ നിന്ന് തുടങ്ങി ദുബൈ നഗരത്തിലൂടെ 8.71 കിലോമീറ്റർ വീൽചെയറിൽ സഞ്ചരിച്ച് ജി പി എസ് ചിത്രം തീർക്കുകയായിരുന്നു. സഞ്ചരിച്ച വഴി ട്രാക്കർ ഉപയോഗിച്ച് ഗൂഗിൾ എർത്തിൽ ചേർത്ത് ചിത്രമുണ്ടാക്കുന്ന രീതിയാണിത്. തന്റെ സഞ്ചാരത്തിലൂടെ വീൽ ചെയറിന്റെ മാതൃകയിൽ ഒരു ലോഗോ തീർക്കുകയാണ് ചെയ്തതെന്ന് സുജിത് കോശി മീഡിയവണിനോട് പറഞ്ഞു. ദുബൈ പൊലീസ് മേധാവി ലഫ്.
ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ നിർദേശപ്രകാരം റെക്കോർഡ് ഉദ്യമത്തിന് ദുബൈ പൊലീസ് സുജിതിന് സർവ പിന്തുണയും നൽകി. സുരക്ഷാ സംവിധാനവും ഒരുക്കി. ദുബൈ പൊലീസ് ഇന്നൊവേഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് മേജർ ഖാലിദ് ഖലീഫ അൽ മസ്‌റൂഇ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സുജിത് ഗിന്നസ് റെക്കോർഡ് ഏറ്റുവാങ്ങിയത്