അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം
ഹൈവേകളിൽ റോഡിന്റെ വശത്ത് നാല് നിറമുള്ള ഫ്ലാഷ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നു. വാഹനാപകടം, മോശം കാലാവസ്ഥ എന്നിവ സംബന്ധിച്ച് ഫ്ലാഷ് ലൈറ്റുകൾ വഴി മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം.
ഹൈവേകളിൽ റോഡിന്റെ വശത്ത് ഇത്തരത്തിൽ നാല് നിറമുള്ള ഫ്ലാഷ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് എന്താണെന്ന അന്വേഷണത്തിലായിരുന്നു ഇതുവരെ പലരും. മുന്നോട്ടുള്ള വഴിയിലെ വാഹനാപകടം, മോശം കാലാവസ്ഥ എന്നിവ സംബന്ധിച്ച് മുന്നറിയിപ്പായാണ് ഈ ഫ്ലാഷ് ലൈറ്റുകൾ തെളിയുക.
വാഹനാപകടം നടന്നിട്ടുണ്ടെങ്കിൽ ചുവപ്പ് നീല ഫ്ലാഷുകൾ മിന്നിക്കൊണ്ടിരിക്കും. പൊടിക്കാറ്റ്, മഴ, മൂടൽമഞ്ഞ് തുടങ്ങിയ സാഹചര്യങ്ങൾ മഞ്ഞ ഫ്ളാഷാണ് മിന്നുക. ഇതിനനുസരിച്ച് ഡ്രൈവർമാർ വാഹനം ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോകണം.
സൗരോർജവും, ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്റർ അകലെ നിന്നും കാണാൻ കഴിയുന്ന വിധമാണ് ഫ്ലാഷ് ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് അബൂദബി പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.