യു.എ.ഇക്ക് പുതിയ വിദ്യാഭ്യാസ മന്ത്രി; രണ്ട് വനിതാ സഹമന്ത്രിമാരെയും നിയമിച്ചു
സ്ഥാനമൊഴിയുന്ന വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല അൽ മുഹൈരി എന്നിവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു
യു.എ.ഇക്ക് പുതിയ വിദ്യാഭ്യാസമന്ത്രി. അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയാണ് പുതിയ വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസത്തിനും, പ്രാഥമിക വിദ്യാഭ്യാസത്തിനും രണ്ട് വനിതാ സഹമന്ത്രിമാരെയും പ്രഖ്യാപിച്ചു.
യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമാണ് പുതിയ വിദ്യാഭ്യാസമന്ത്രിയെയും സഹമന്ത്രിമാരെയും പ്രഖ്യാപിച്ചത്. നിലവിൽ ചെറുകിട വ്യവസായ വകുപ്പ് സഹമന്ത്രിയായ അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയാണ് പുതിയ വിദ്യാഭ്യാസ മന്ത്രി. യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകി വാർത്തകളിൽ നിറഞ്ഞ നിലവിലെ ഉന്നത സാങ്കേതികവിദ്യ സഹമന്ത്രി സാറാ അൽ അമീരിയെ പൊതുവിദ്യാഭ്യാസത്തിന്റെയും ഭാവി സാങ്കേതിക വിദ്യയുടെയും ചുമതലയുള്ള സഹമന്ത്രിയായി നിയമിച്ചു.
പൊതുവിദ്യാലയങ്ങളെ നവീകരിക്കുന്ന സമഗ്രമായ പദ്ധതി വികസിപ്പിക്കാൻ ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാറാ അൽ മുസല്ലമാണ് പ്രാഥമിക വിദ്യാഭ്യാസ സഹമന്ത്രി. പുതുതായി പ്രഖ്യാപിച്ച ഫെഡറൽ അതോറിറ്റി ഫോർ എർളി എജ്യുക്കേഷൻ വകുപ്പിന്റെ മേൽനോട്ടമാണ് ഇവർ വഹിക്കുക. ജനനം മുതൽ നാലാം ക്ലാസ്സിൽ എത്തുന്നത് വരെ ഒരു കുട്ടിയെ പരിപാലിക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതാണ് ഈ വകുപ്പ്. സ്ഥാനമൊഴിയുന്ന വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല അൽ മുഹൈരി എന്നിവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.