ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
ജിദ്ദയിലെ മഴക്കെടുതിയെത്തുടര്‍ന്ന് ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം
സൗദിയിലെ ഇരുപത്തൊമ്പതാമത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദ റുവൈസിലെ മദീന റോഡിൽ പ്രവർത്തനമാരംഭിച്ചു. റുവൈസ് ഡിസ്ട്രിക്ടിൽ മദീന റോഡിലാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്. വിപുലമായ ചടങ്ങായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും കഴിഞ്ഞ ആഴ്ചയുണ്ടായ പ്രളയത്തെ തുടർന്ന് ആഢംബരങ്ങളൊഴിവാക്കാൻ മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു.
മാത്രവുമല്ല ഉദ്ഘാടന ചടങ്ങിനായി നീക്കിവെച്ച തുക പ്രളയബാധിതരായ ദുരിതമനുഭവിക്കുന്ന 1500 കുടുംബങ്ങൾക്ക് സഹായധനമായി വിതരണം ചെയ്യാനും തീരുമാനിച്ചതായി ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എം.എ അഷ്‌റഫലി അറിയിച്ചു. ജിദ്ദാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖലാഫ് ബിന്‍ ഹുസൈന്‍ അല്‍ ഒതൈബി പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള ധനസഹായ വിതരണവും ഉദ്ഘാടനവേളയിൽ തന്നെ നടത്തി. 1,90, 000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ശാഖ രൂപകൽപ്പന ചെയ്തിട്ടുള്ളത്. 16 ചെക്ക് ഔട്ട് കൌണ്ടറുകളും 275 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനും ഇവിടെ സൌകര്യമുണ്ട്. മറ്റുശാഖകളിലേത് പോലുള്ള മുഴുവൻ വിഭങ്ങളുടേയും വൻ ശേഖരം പുതിയ ശാഖയിലും ഒരുക്കിയിട്ടുണ്ട്. സൗദിയുടെ മാറ്റത്തിനൊപ്പം മുന്നേറുന്ന ലുലുവിനോട് ഭരണകൂടം കാണിക്കുന്ന സന്മനസ്സിനും സഹകരണങ്ങൾക്കും എം.എ അഷ്‌റഫലി നന്ദി അറിയിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, വെസ്റ്റേൺ പ്രൊവിൻസ് റീജണൽ ഡയറക്ടർ റഫീഖ് മുഹമ്മദലി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു