അബൂദബിയിൽ രാത്രി യാത്രാവിലക്ക്; ജൂലൈ 19 മുതല്‍ പുതിയ നിയന്ത്രണങ്ങൾ
രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം
യുഎഇ തലസ്ഥാനമായ അബൂദബിയിൽ കോവിഡ് നിയന്ത്രണം വീണ്ടും കർശനമാക്കുന്നു. ഈമാസം 19 മുതൽ രാത്രികാല യാത്രാവിലക്ക് ഏർപ്പെടുത്തും. രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം.
യുഎഇയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന അതേ ദിവസമാണ് നിയന്ത്രണവും നിലവിൽ വരുന്നത്. ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങേണ്ടി വരുന്നവരും അബൂദബി പൊലീസിന്റെ adpolice.gov.ae എന്ന വെബ്സൈറ്റ് വഴി അനുമതി തേടിയിരിക്കണം. അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായാണ് സഞ്ചാര നിയന്ത്രണമെന്ന് അബൂദബി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.
യുഎഇയുടെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ 24 മണിക്കൂറിനുള്ളിലെടുത്ത ഡിപിഐ പരിശോധനയിലോ, 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധയിലോ നെഗറ്റീവ് ആയിരിക്കണം. ഡിപിഐ ടെസ്റ്റ് ഫലവുമായി അബൂദബിയിൽ പ്രവേശിക്കുന്നവർ മൂന്നാം ദിവസവും പിസിആർ എടുത്തവർ നാലാം ദിവസവും വീണ്ടും പിസിആർ പരിശോധനക്ക് വിധേയരാകണം. ഡിപിഐ ടെസ്റ്റ് എടുത്ത് നിരന്തരം യാത്ര അനുവദിക്കില്ല.
വാക്സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ഈ നിബന്ധനകൾ ബാധകമാണ്. ഇതിന് പുറമെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനും നിയന്ത്രണമുണ്ടാകും. ഷോപ്പിങ് മാളുകളിൽ ശേഷിയുടെ 40 ശതമാനം പേർക്കും സിനിമാശാലകളിൽ 30 ശതമാനം പേർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. ബസുകളിൽ അമ്പത് ശതമാനം പേർക്കേ യാത്ര ചെയ്യാവൂ. ടാക്സികളിൽ മൂന്ന് പേർക്ക് മാത്രമേ യാത്ര അനുവദിക്കൂ.