ഫലസ്തീൻ എഴുത്തുകാരിയുടെ പുരസ്‌കാരം റദ്ദാക്കി; ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നിന്ന് പിന്മാറി ഷാർജ ബുക്ക് അതോറിറ്റി
സംസ്കാരവും, പുസ്തകങ്ങളും പരസ്പരം മനസിലാക്കാനും, സംവദിക്കാനുമുള്ളതാണ് എന്ന നിലപാടുള്ളത് കൊണ്ടാണ് പിൻമാറ്റമെന്ന് അതോറിറ്റി
ഫലസ്തീൻ എഴുത്തുകാരിക്ക് പ്രഖ്യാപിച്ച പുരസ്കാരം റദ്ദാക്കിയതിന് പിന്നാലെ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നിന്ന് പിൻമാറി ഷാർജ ബുക്ക് അതോറിറ്റി. ഫലസ്തീൻ എഴുത്തുകാരി അദാനിയ ശിബലിക്ക് പ്രഖ്യാപിച്ച പുരസ്കാരമാണ് ഫലസ്തീൻ-ഇസ്രായേൽ സംഘർഷം ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.
1949 ൽ ഇസ്രായേലി പട്ടാളം ബലാൽസംഗം ചെയ്തു കൊന്ന ഫലസ്തീനി പെൺകുട്ടിയുടെ കഥ പറയുന്ന 'മൈനർ ഡീറ്റൈയിൽ' എന്ന നോവലിനാണ് അവാർഡ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഫലസ്തീൻ-ഇസ്രായേലി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ പുരസ്കാരം റദ്ദാക്കുകയാണ് എന്ന് സംഘാടകർ അറിയിച്ചു. തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഈ വർഷത്തെ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നിന്ന് പിൻമാറുകയാണെന്ന് ഷാർജ ബുക്ക് അതോറിറ്റി വ്യക്തമാക്കുകയായിരുന്നു.
സംസ്കാരവും, പുസ്തകങ്ങളും പരസ്പരം മനസിലാക്കാനും, സംവദിക്കാനുമുള്ളതാണ് എന്ന നിലപാടുള്ളത് കൊണ്ടാണ് പിൻമാറ്റമെന്ന് അതോറിറ്റി അറിയിച്ചു. ലീബെറാട്ടു പ്രിസ് സാഹിത്യ പുരസ്കാരം റദ്ദാക്കാനുള്ള തീരുമാനം എഴുത്തുകാരിയുമായി ആലോചിച്ചെടുത്ത തീരുമാനമെന്നാണ് സംഘാടകർ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് നിലപാട് മാറ്റി. അവാർഡ് ആഘോഷിക്കാൻ സമയമല്ല ഇപ്പോൾ എന്നായി പിന്നീട് വിശദീകരണം.
അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച പുസ്തകമാണ് അദാനിയ ശിബലിയുടെ മൈനർ ഡീട്ടെയിൽ. കഴിഞ്ഞവർഷമാണ് ഈ രചന ജർമൻ ഭാഷയിൽ പുറത്തിറങ്ങിയത്.