പെരുന്നാൾ അവധിക്ക് പാർക്കിങ് സൗജന്യം; ആനുകൂല്യം പ്രഖ്യാപിച്ച് ഷാർജയും, അബൂദബിയും
അബൂദബിയിൽ റോഡ് ടോളും സൗജന്യമായിരിക്കും. ഈമാസം 30 വരെയാണ് ആനുകൂല്യം.
ദുബൈ: പെരുന്നാൾ പ്രമാണിച്ച് അബൂദബിയിലും ഷാർജയിലും നാളെ മുതൽ പാർക്കിങ് സൗജന്യമാകും. അബൂദബിയിൽ റോഡ് ടോളും സൗജന്യമായിരിക്കും. ഈമാസം 30 വരെയാണ് ആനുകൂല്യം.
അബൂദബിയിൽ മവാഖിഫ് പാർക്കിങ്ങുകളും, ട്രക്കുകൾക്കായുള്ള മുസഫയിലെ പാർക്കിങ്ങുകളും നാളെ മുതൽ നാല് ദിവസം സൗജന്യമായിരിക്കും. അബൂദബിയിലെ ഗതാഗത സേവനങ്ങൾക്കുള്ള ഉപഭോക്തൃ കേന്ദ്രങ്ങൾ നാലുദിവസവും അവധിയായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
അവധി ദിനങ്ങളിൽ യാത്രക്കാരുടെ തിരക്കനുസരിച്ച് പൊതു ബസ് സർവീസുകളും ഇന്റർസിറ്റി ബസ് സർവീസുകളുടെയും എണ്ണം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അബുദാബി എക്സ്പ്രസ്സ്, അബുദാബി ലിങ്ക് ബസ് സർവീസുകൾ രാവിലെ ആറു മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കും.
ഷാർജയിൽ മിക്ക പാർക്കിങ് കേന്ദ്രങ്ങളിലും സൗജന്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന മേഖലയിൽ ഈ ആനുകൂല്യം ലഭിക്കില്ല. നീല അടയാളത്തിൽ രേഖപ്പെടുത്തിയ പാർക്കിങ് കേന്ദ്രങ്ങളിൽ അവധി ദിവസവും പാർക്കിങ് ഫീസ് ഈടാക്കും. ദുബൈ നേരത്തേ അവധി ദിവസങ്ങളിൽ സൗജന്യപാർക്കിങ് പ്രഖ്യാപിച്ചിരുന്നു.