രണ്ടാം തവണയും തിരിച്ചിറങ്ങാൻ ആവശ്യപ്പെട്ടു; ഷാർജ-കോഴിക്കോട് വിമാനത്തിൽ യാത്രക്കാരുടെ പ്രതിഷേധം

ഇന്ന് പുലർച്ചെ 3.30 ന് പുറപ്പെടുന്നതിന് തൊട്ട് മുമ്പ് സാങ്കേതിക തകരാറിനെ തുടർന്നാണ് ആദ്യം യാത്രക്കാരെ വിമാനത്തിൽനിന്ന് തിരിച്ചിറക്കിയത്

Update: 2024-06-12 12:07 GMT
Advertising

ഷാർജ: ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്രക്കാരുടെ പ്രതിഷേധം. യാത്രമുടങ്ങിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽനിന്ന് രണ്ടാം തവണയും തിരിച്ചിറങ്ങാൻ ആവശ്യപ്പെട്ടതോടെയാണ് യാത്രക്കാർ പ്രതിഷേധം തുടങ്ങിയത്. അതിനിടെ, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഒരു യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ 3.30 ന് പുറപ്പെടുന്നതിന് തൊട്ട് മുമ്പ് സാങ്കേതിക തകരാറിനെ തുടർന്നാണ് ആദ്യം യാത്രക്കാരെ വിമാനത്തിൽനിന്ന് തിരിച്ചിറക്കിയത്. ശേഷം രാവിലെ 11.30ന് വിമാനത്തിൽ കയറിയ യാത്രക്കാരോട് വീണ്ടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാർ തിരിച്ചിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു.


വിമാനസർവീസ് മുടങ്ങിയതോടെ 170 ലേറെ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പുലർച്ചെ 2.30ന് പുറപ്പെടേണ്ട IX 356 എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസാണ് മുടങ്ങിയത്. ഒരു മണിക്കൂർ വൈകുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് 3.30ന് യാത്രക്കാരെ കയറ്റി റൺവേയിൽ ടേക്ക്ഓഫിന് തയാറെടുക്കവെയാണ് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് വന്നത്. ഇതോടെ മുഴുവൻ യാത്രക്കാരെയും ഷാർജ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. ഇവർക്ക് രാവിലെ ഭക്ഷണം വിതരണം ചെയ്തു. കഴിഞ്ഞദിവസം റാസൽഖൈമയിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരും ഈ വിമാനത്തിലുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News