മഴയും തണുപ്പും; ശൈത്യകാല വസ്ത്രങ്ങൾക്ക് ദുബൈയിലും വൻ ഡിമാന്റ്
പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും മഴയും തണുപ്പുമെല്ലാം വർധിച്ചതോടെ ദുബൈയിലും ശൈത്യകാല വസ്ത്രങ്ങൾക്ക് ആവശ്യക്കാർ അധികരിച്ചു. ഡിസംബർ അവസാനത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശൈത്യം തുടരുകയാണ്.
അയൽ രാജ്യമായ സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ന് 10 ഡിഗ്രിസെൽഷ്യസിൽ താഴെയായിരിക്കും താപനില.എന്നാൽ ഇതൊന്നും കാര്യമായി ബാധിക്കാറില്ലെങ്കിലും യു.എ.ഇയിലെ കാലാവസ്ഥയും കൊടുംചൂടിൽനിന്ന് അൽപം തണുപ്പിലേക്ക് മാറിയതോടെയാണ് ദുബൈയിലെ കച്ചവടസ്ഥാപനങ്ങളിൽ ശൈത്യകാല വസ്ത്രങ്ങൾക്ക് ഡിമാന്റ് വർധിച്ചത്.
നവംബർ അവസാനം മുതൽ ഹൂഡികൾക്കും ബീനി തൊപ്പികൾക്കും മറ്റു കട്ടിയുള്ള വസ്ത്രങ്ങൾക്കും ആശ്യക്കാർ ഏറിയെന്നാണ് കച്ചവടക്കാർ പാറയുന്നത്.
കൂടാതെ ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ച് യാത്രകൾ പ്ലാൻ ചെയ്യുന്നവരും ശൈത്യകാല യാത്രയ്ക്കായി ഒരുങ്ങുന്നവരും ഇത്തരം വസ്ത്രങ്ങളുടെ ഡിമാന്റ് വർധിപ്പിച്ചെന്നും വ്യാപാരികൾ പറയുന്നു.