യു.എ.ഇയിലെ മഴക്കെടുതി; കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി

വ്യത്യസ്ത എമിറേറ്റുകളിലെ മുനിസിപാലിറ്റി അധികൃതരും പദ്ധതിയിൽ പങ്കുചേരും

Update: 2024-05-04 18:27 GMT
Advertising

ദുബൈ: യു.എ.ഇയിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികളുമായി അധികൃതർ. രോഗങ്ങൾ പരത്തുന്ന ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിൻറെ ഭാഗമായി കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി സജീവമാക്കിയാതായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. വ്യത്യസ്ത എമിറേറ്റുകളിലെ മുനിസിപാലിറ്റി അധികൃതരും പദ്ധതിയിൽ പങ്കുചേരും.

ദേശീയ അടിയന്തിര, ദുരന്തനിവാരണ വകുപ്പുമായും പ്രാദേശിക വകുപ്പുകളുമായും സഹകരിച്ചാണ് കൊതുകു നശീകരണ പദ്ധതിയുടെ മൂന്നാംഘട്ടത്തിലേക്ക്അധികൃതർ പ്രവേശിക്കുന്നത്. രാജ്യത്തുടനീളം കൊതുക് പെരുകുന്ന ഹോട്ട്സ്പോട്ടുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. യു.എ.ഇയിൽ പേമാരിയെ തുടർന്ന് വെള്ളം കെട്ടിനിൽകുന്ന സാഹചര്യമുണ്ട്. റോഡുകളിലെയും മറ്റും വെള്ളക്കെട്ടുകൾ നീക്കം ചെയ്‌തെങ്കിലും പലയിടങ്ങളിലും ചെറിയ വെള്ളക്കെട്ടുകൾ ബാക്കിയാണ്.

ടയറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ടറസുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ കൊതുക് പെരുകുന്ന സാഹചര്യം കൂടി ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കൊതുകുകൾ സാന്നിധ്യമറിയിക്കുന്ന മേഖലകൾ അന്വേഷിക്കാനും പെരുകുന്ന ഉറവിടങ്ങൾ ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. ലഭ്യമായ മാർഗങ്ങളിലൂടെ കൊതുകുകളുടെ വ്യാപനം കുറക്കാനും എല്ലാ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകാനും മന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചതായി സുസ്ഥിര കമ്മ്യൂണിറ്റി വകുപ്പ് അസി. അണ്ടർസെക്രട്ടറി ആലിയ അബ്ദുൾ റഹീം അൽ ഹർമൂദി പറഞ്ഞു.

മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിങ്ങനെ വിവിധ രോഗങ്ങൾ കൊതുക് വഴി പകരുന്നതാണ്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ കൊതുകുജന്യ രോഗങ്ങൾ വലിയ രീതിയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News