ഷാർജ കണ്ണൂർ വിമാനം 13 മണിക്കൂർ വൈകി; യാത്രക്കാർക്ക് ദുരിതം
ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഐ. എക്സ് 742 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്
ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പതിമൂന്ന് മണിക്കൂറിലേറെ വൈകി. ഇന്നലെ വൈകീട്ട് ആറരയോടെ പുറപ്പെടേണ്ട വിമാനം കാലത്ത് എട്ട് മണിയോടെയാണ് യാത്ര തിരിച്ചത്. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വം ഇരുന്നൂറോളം വരുന്ന യാത്രക്കാരെ ശരിക്കും വലച്ചു.
സാങ്കേതിക തകരാർ കാരണം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് പതിവായി മാറുകയാണ്. ഒരാഴ്ചക്കിടയിൽ തന്നെ യു.എ.ഇയിൽ നിന്ന് വിമാനം മണിക്കൂറുകൾ വൈകി പറക്കുന്നത് ഇത് രണ്ടാം തവണയാണ്. ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഐ. എക്സ് 742 വിമാനമാണ് പുതുതായി യാത്രക്കാരെ ദുരിതത്തിലാക്കിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ ഇരുന്നൂറോളം വരുന്ന യാത്രക്കാർക്ക് കൃത്യസമയത്തു തന്നെ ബോർഡിംഗ് പാസ് കൈമാറിയിരുന്നു. വിമാനം ഒരു മണിക്കൂർ വൈകും എന്നാണ് ആദ്യം അറിയിച്ചത്. സാങ്കേതിക തകരാർ പരിഹരിക്കാനുളള നീക്കം തുടരുകയാണെന്നും അറിയിപ്പ് വന്നു.
ബദൽ താമസ സൗകര്യം ഒരുക്കാനോ വിമാനം എപ്പോൾ പുറപ്പെടും എന്നതു സംബന്ധിച്ച് കൃത്യമായ മറുപടി നൽകാനോ ആരും തയാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. രാത്രി പൂർണമായും എയർപോർട്ടിനുളളിൽ തന്നെ തങ്ങുകയായിരുന്നു യാത്രക്കാർ. രാവിലെ എട്ടു മണിയോടെ മാത്രമാണ് വിമാനം പുറപ്പെട്ടത്. ഗൾഫ് സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പല വിമാനങ്ങളും സാങ്കേതിക തകരാറുള്ളതാമെന്ന ആക്ഷേപം ശക്തമാണ്. പുതിയ വിമാനങ്ങൾ ലഭ്യമാകുന്നതോടെ മാത്രമേ പ്രതിസന്ധി പൂർണമായും പരിഹരിക്കപ്പെടൂ എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം