ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടംപിടിച്ചു
ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡൈ്വസര്‍ റേറ്റിങ്ങില്‍ അബൂദബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടം പിടിച്ചു. യാത്രക്കാരുടെ അഭിപ്രായവും അവര്‍ നല്‍കുന്ന റേറ്റിങ്ങും വിനോദകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് ട്രിപ്പ്അഡ്വൈസര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
'ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ്‌സ്: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്' എന്ന വിഭാഗത്തില്‍ മേഖലയില്‍ ഒന്നാമതും ആഗോളതലത്തില്‍ നാലാം സ്ഥാനവുമാണ് ഗ്രാന്‍ഡ് മസ്ജിദ് നേടിയത്. 'മികച്ച സാംസ്‌കാരിക&ചരിത്രകേന്ദ്രങ്ങള്‍' എന്ന വിഭാഗത്തില്‍ ആഗോളതലത്തില്‍ ഗ്രാന്‍ഡ് മസ്ജിദ് ഒമ്പതാം സ്ഥാനവും നേടിയിട്ടുണ്ട്.
മതപരമായ പദവികള്‍ക്കുമപ്പുറം, ലോക രാജ്യങ്ങള്‍ക്കിടയില്‍ യു.എ.ഇയുടെ സാംസ്‌കാരികമൂല്യങ്ങള്‍ വിളിച്ചോതുന്ന കേന്ദ്രമായി മാറാന്‍ ഗ്രാന്‍ഡ് മസ്ജിദിന് സാധിച്ചിട്ടുണ്ട്. ഇസ്ലാമിക നാഗരികതയെ പുനരുജ്ജീവിപ്പിക്കുന്നതിലും ഗ്രാന്‍ഡ് മസ്ജിദ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഓരോ വര്‍ഷവും, വിവിധ മതവിശ്വാസികളായ ഏകദേശം 70 ലക്ഷം സന്ദര്‍ശകരും വിശ്വാസികളും പള്ളിയില്‍ എത്തുന്നുണ്ട്. ഇസ്ലാമിക സംസ്‌കാരവും വിജ്ഞാനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികള്‍ ഇവിടെ നടന്നുവരുന്നു. കൂടാതെ, മസ്ജിദിനോടനുബന്ധിച്ചുള്ള എക്‌സിബിഷന്‍ ഹാളുകള്‍, തിയേറ്റര്‍, ലൈബ്രറി, സൂഖ് അല്‍ജാമി (മാര്‍ക്കറ്റ്) എന്നിവയെല്ലാം ആസ്വദിക്കാനും സഞ്ചാരികള്‍ക്ക് ഇവിടെ അവസരമുണ്ട്.