7 മണിക്കൂര്‍ 20 മിനുറ്റില്‍ 120 ഭാഷകളിലെ ഗാനങ്ങള്‍ ആലപിച്ചു; ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് സുചേത
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവില്‍ 'മ്യൂസിക്ബിയോണ്ട് ദ ബോര്‍ഡര്‍' എന്ന പേരിലാണ് പരിപാടി നടന്നത്
ദുബൈയിലെ വിദ്യാര്‍ഥിയായ സുചേത സതീഷിന് മറ്റൊരു റെക്കോര്‍ഡ്കൂടി. 7 മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് 120 ഭാഷകളിലെ ഗാനങ്ങളാലപിച്ചാണ് ഈ 16കാരി ഇക്കുറി ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ആഗസ്റ്റ്19ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്ഹാളിലാണ് ഗിന്നസ്‌റെക്കോര്‍ഡിനായുള്ള ശ്രമം നടന്നത്. വെള്ളിയാഴ്ചയാണ് റെക്കോര്‍ഡ് പ്രഖ്യാപിച്ചത്. ഉച്ചക്ക്12ന് തുടങ്ങിയ ആലാപനം രാത്രി 7.20 വരെ നീണ്ടു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവില്‍ 'മ്യൂസിക്ബിയോണ്ട് ദ ബോര്‍ഡര്‍' എന്ന പേരിലാണ് പരിപാടി നടന്നത്. ഗിന്നസ് റെക്കോര്‍ഡ് അധികൃതരും കോണ്‍സുല്‍ ജനറല്‍ അമന്‍ പുരിയും അടക്കമുള്ളവര്‍ പങ്കെടുത്തു.
ഗാനങ്ങളില്‍ 29 എണ്ണം ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ളതായിരുന്നു. 91 എണ്ണം വിദേശ ഭാഷാ ഗാനങ്ങളും. എല്ലാ പാട്ടുകളും കാണാതെ പഠിച്ചിരുന്നു. 132 ഭാഷകളിലെ ഗാനങ്ങള്‍ അറിയാമെങ്കിലും 120 എണ്ണമാണ് ആലപിച്ചത്. മലയാളം ഭാഷയില്‍ സുചേത തെരഞ്ഞെടുത്തത് മാമാങ്കം സിനിമയിലെ ജയചന്ദ്രന്റെ 'കണ്ണനുണ്ണി' എന്ന ഗാനമായിരുന്നു. പുതിയ റെക്കോര്‍ഡ് നേട്ടത്തിന് പുറമെ, ഇഷ്ട ഗായകന്‍ ജയചന്ദ്രന്‍ തന്റെ പാട്ട് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിലുള്ള സന്തോഷത്തിലാണ് സുചേത.
നേരത്തെ 102 ഭാഷകളില്‍ പാടി അമേരിക്കയിലെ വേള്‍ഡ്‌റെക്കോര്‍ഡ് അക്കാദമിയുടെ റെക്കോര്‍ഡിന് അര്‍ഹയായിരുന്നു. ആറുമണിക്കൂര്‍ 15 മിനിറ്റ്‌കൊണ്ടായിരുന്നു 102 ഗാനങ്ങള്‍ പാടിയത്. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ് സുചേത. ദുബൈയില്‍ ഡോക്ടറായ കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ടി.സി. സതീഷിന്റെയും സുമിതയുടെയും മകളാണ്. സഹോദരന്‍ സുശാന്ത്.