ദുബൈയിലെ ടാക്‌സികൾ കൂടുതൽ സ്മാർട്ടാകുന്നു
ദുബൈയിലെ ടാക്‌സികൾ കൂടുതൽ സ്മാർട്ടാക്കുമെന്ന പ്രഖ്യാപനവുമായി അധികൃതർ. സ്മാർട്ട് മീറ്ററടക്കമുള്ള അത്യാധുനിക ഫീച്ചറുകളോടെയാണ് ആർ.ടി.എ ടാക്‌സികൾ ഡിജിറ്റലൈസ് ചെയ്യാൻ ഒരുങ്ങുന്നത്.
ജൈറ്റെക്‌സ് 2022 മേളയിലെ ആർ.ടി.എ പവലിയനിൽ ടാക്‌സികളുടെ ഡിജിറ്റലൈസേഷനെ സംബന്ധിച്ച പുതിയ ഫീച്ചറുകൾ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു.
ടാക്‌സികളുടെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി ഡിജിറ്റൽ ഫീച്ചറുകൾ പുതുതായി അവതരിപ്പിക്കും. ടാക്‌സി മേഖലയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യങ്ങളുമായി ആർ.ടി.എ എത്തിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ മികച്ച അനുഭവങ്ങൾ പകരുമെന്നും അധികൃതർ അവകാശപ്പെട്ടു.
വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഒരു സ്മാർട്ട് മീറ്റർ ഘടിപ്പിക്കുന്നതോടെ മുൻസീറ്റിൽ കാണുന്ന എല്ലാ വയറുകളും ഒഴിവാക്കുന്നതടക്കം യാത്രാനടപടികൾ സുഗമമാക്കാനുതകുന്ന നിരവധി ഫീച്ചറുകളോടെയായിരിക്കും ഇനി ദുബൈ നിരത്തുകളിൽ ടാക്‌സികൾ ഓടുക.