തുർക്കി, സിറിയ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാം; സൗകര്യമൊരുക്കി എമിറേറ്റ്സ് റെഡ്ക്രസന്‍റ്
എമിറേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ https://www.emiratesrc.ae/relief എന്ന വെബ്സൈറ്റ് വഴിയാണ് സഹായം അയക്കേണ്ടത്
ദുബൈ: തുർക്കി, സിറിയ ഭൂകമ്പത്തിന്‍റെ ഇരകളെ യു.എ.ഇയിലെ പൊതുജനങ്ങൾക്കും സഹായിക്കാം. ഇതിനായി എമിറേറ്റ്സ് റെഡ്ക്രസന്‍റ് സൗകര്യമൊരുക്കി. ഷാർജ ചാരിറ്റി ഇന്‍റർനാഷണൽ വഴിയും ദുരിതബാധിതരെ സഹായിക്കാം.
എമിറേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ https://www.emiratesrc.ae/relief എന്ന വെബ്സൈറ്റ് വഴിയാണ് സഹായം അയക്കേണ്ടത്. തുർക്കിക്കും സിറിയക്കും പ്രത്യേകമായി പണം അയക്കാനുള്ള സംവിധാനം ഈ സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. പേ പാൽ, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴി പണം അയക്കാം. ദുരിത ബാധിതരെ സഹായിക്കാനൊരുക്കിയ 'ബ്രിഡ്ജസ് ഓഫ് ഗുഡ്നസ്' കാമ്പയിനിന്‍റെ ഭാഗമായാണ് നടപടി. ഇതിന് പുറമെ ഷാർജ ചാരിറ്റി ഇന്‍റർനാഷണലിന്‍റെ വെബ്സൈറ്റ് വഴിയും പണം അയക്കാം. സാമൂഹിക മാധ്യമങ്ങൾ വഴി സഹായം സ്വരൂപിക്കാൻ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ദുബൈ, അബൂദബി എന്നിവിടങ്ങളിലെ വെയർഹൗസുകളിൽ ആയിരക്കണക്കിനാളുകളാണ് സഹായം എത്തിക്കുന്നത്. അബൂദബി നാഷണൽ എക്സിബിഷൻ സെന്‍റർ, ദുബൈ എക്സപോ സിറ്റിയിലെ എക്സിബിഷൻ സെന്‍റർ എന്നിവിടങ്ങളിൽ 2000ത്തോളം പേർ സഹായ വസ്തുക്കൾ ശേഖരിക്കാനും വേർതിരിക്കാനും പാക്ക് ചെയ്യാനും പ്രവർത്തിക്കുന്നുണ്ട്. വിവിധ സംഘടനകളുടെ വളണ്ടിയർമാരും സഹായമനസ്കരുമെല്ലാം ഇവിടേക്ക് എത്തുന്നുണ്ട്. വലിയ വാഹനങ്ങളിലാണ് ഇവിടേക്ക് സഹായം എത്തിക്കുന്നത്. ഇവ വിമാന മാർഗം സിറിയയിലും തുർക്കിയയിലും എത്തിക്കും.