അൽസഫ സ്‌കൂൾ കോംപ്ലക്‌സിൽ ഗതാഗതം വികസിപ്പിച്ചു

Update: 2024-08-21 19:04 GMT
Advertising

ദുബൈ അൽസഫ -1 സ്‌കൂൾ കോംപ്ലക്‌സിലെ നാല് പ്രധാന ഭാഗങ്ങളിൽ ഗതാഗതസൗകര്യം വർധിപ്പിച്ചു. എൻട്രി, എക്‌സിറ്റ് പ്രവൃത്തി പൂർത്തീകരിച്ചതോടെ പ്രദേശത്തെ യാത്ര കൂടുതൽ എളുപ്പമാകും. സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പദ്ധതി പൂർത്തിയായത്.

ദുബൈ റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് മേഖലയിലെ വികസനം. ട്രാഫിക് ലൈറ്റുകളും കാൽനട ക്രോസിങുകളും സ്ഥാപിച്ചതും യാത്രക്കാർക്ക് സൗകര്യപ്രദമാകും.

അൽ സഫ മേഖലയിലെ റോഡ് വികസനം കച്ചവടക്കാർ, വിദ്യാർഥികൾ, പ്രദേശത്തെ 60,000ലേറെ താമസക്കാർ എന്നിവർക്ക് ഉപകാരപ്പെടുമെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.

പദ്ധതിയിൽ ഉൾപ്പെടുത്തി ശൈഖ് സായിദ് റോഡ് ജംഗ്ഷനിൽ നിന്ന് സ്ട്രീറ്റ് 13ലേക്കുള്ള റൗണ്ട് എബൗട്ടിലേക്ക് പോകുന്ന സർവീസ് റോഡ് 255 മീറ്റർ വികസിപ്പിച്ചിട്ടുണ്ട്. ഇത് അൽ സഫ-1 സ്‌കൂൾ കോംപ്ലക്‌സിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തും. അൽ സഫ സ്‌കൂളിനും അൽ ഇത്തിഹാദ് സ്‌കൂളിനും സമീപം 22 പാരലൽ പാർക്കിങ് സ്ലോട്ടുകളും നിർമിച്ചിട്ടുണ്ട്. സ്ട്രീറ്റ് 19ൽ നിന്ന് അൽ വസ്ൽ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതികൂട്ടുകയും ചെയ്തു. ജുമൈറ കോളേജിന് എതിർവശത്ത് 18 പാർക്കിങ് സ്ലോട്ടുകളും നിർമിച്ചു

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News