കണ്ടന്‍റ് ക്രിയേറ്റേഴ്സിന് സന്തോഷവാര്‍ത്ത; ദുബൈയിൽ ഇൻഫ്ലുവൻസേഴ്സ് ആസ്ഥാനം സ്ഥാപിക്കാനായി 15 കോടി ദിർഹം അനുവദിച്ച് യു.എ.ഇ
കണ്ടന്‍റ് നിർമാതാക്കൾ, പ്രസാധകർ എന്നിവർ ഉൾപ്പെടെ മാധ്യമരംഗത്തെ പ്രഫഷനലുകൾക്കും സമൂഹമാധ്യമ താരങ്ങൾക്കും സഹായകരമാകുന്ന രീതിയിലായിരിക്കും ആസ്ഥാനത്തിന്‍റെ പ്രവർത്തനം
ദുബൈ: സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിൽ സ്വാധീനം ചെലുത്തുന്ന കണ്ടന്‍റ് ക്രിയേറ്റേഴ്സിനെ സഹായിക്കാനും ദുബൈയിൽ ഇൻഫ്ലുവൻസേഴ്സ് ആസ്ഥാനം സ്ഥാപിക്കാനുമായി 15 കോടി ദിർഹം(ഏകദേശം 339 കോടി രൂപ) അനുവദിച്ച് യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം ആണു പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച ന്യൂ മീഡിയ അക്കാദമി ദുബൈയിൽ സംഘടിപ്പിച്ച 'വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റി'ന്‍റെ ഭാഗമായാണ് പ്രഖ്യാപനം.
ഗവൺമെന്‍റ് മീഡിയ ഓഫിസുമായും മീഡിയ അക്കാദമിയുമായും സഹകരിച്ചായിരിക്കും ഇൻഫ്ലുവൻസേഴ്സ് ആസ്ഥാനത്തിന്‍റെ പ്രവർത്തനം. ഏറ്റവും മികച്ച സമൂഹമാധ്യമ താരങ്ങളെയും കണ്ടന്‍റ് ക്രിയേറ്റേഴ്സിനെയും ഒരു കുടക്കീഴിൽ ഒരുമിച്ചുകൂട്ടി യു.എ.ഇയുടെ സുസ്ഥിരമായ ലക്ഷ്യങ്ങൾ നേടുന്നതിനായി വിഡിയോകൾ ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. കണ്ടന്‍റ് നിർമാതാക്കൾ, പ്രസാധകർ എന്നിവർ ഉൾപ്പെടെ മാധ്യമരംഗത്തെ പ്രഫഷനലുകൾക്കും സമൂഹമാധ്യമ താരങ്ങൾക്കും സഹായകരമാകുന്ന രീതിയിലായിരിക്കും ആസ്ഥാനത്തിന്‍റെ പ്രവർത്തനം.
സിനിമ നിർമാണത്തിനായുള്ള സ്റ്റുഡിയോ, കഥപറച്ചിൽ പഠിപ്പിക്കുന്നതിനുള്ള വിവിധ കോഴ്സുകൾ, ഫോട്ടോഗ്രഫി, മറ്റ് പ്ലാറ്റഫോമുകൾ നിയന്ത്രിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനുള്ള വിവിധ സൗകര്യങ്ങൾ എന്നിവയാണ് ആസ്ഥാന മന്ദിരത്തിൽ ഒരുക്കുന്നത്. ആഗോളതലത്തിൽ യു.എ.ഇയുടെ സമൂഹമാധ്യമ സ്വാധീനം വർധിപ്പിക്കുന്നതിനു കഴിവുള്ള പ്രതിഭകളെ കണ്ടെത്താനായുള്ള നീക്കമാണിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
കണ്ടന്‍റ് ക്രിയേറ്റേഴ്സിന് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ബിനിസ് വളർത്താനും ലോകത്തിന് മുമ്പിൽ ഇമാറാത്തി ജനതയുടെ ആഗ്രഹങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കാനുമുള്ള മികച്ച അവസരമാണ് പുതിയ സംരംഭത്തിലൂടെ കൈവരുന്നതെന്ന് മന്ത്രിസഭ കാര്യ മന്ത്രി മുഹമ്മദ് അൽ ഖർഗാവി പറഞ്ഞു.
Summary: Sheikh Mohammed announces Dh150m fund and new headquarters for influencers