ഗൾഫ് വെന്തുരുകുന്നു; യു.എ.ഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക്
14 മണിക്കൂറോളം പകൽ
ദുബൈ:യു.എ.ഇയിൽ വേനൽചൂട് അമ്പത് ഡിഗ്രിയോട് അടുക്കുന്നു. അബൂദബിയിലെ മസൈറയിൽ ഇന്നലെ രേഖപ്പെടുത്തിയത് 49.9 ഡിഗ്രി ചൂടാണ്. കടുത്തവേനലിനൊപ്പം പകലിന്റെ ദൈർഘ്യം കൂടി വർധിച്ചതോടെ ഗൾഫ് വെന്തുരുകുകയാണ്.
അമ്പത് ഡിഗ്രിയോട് അടുക്കുന്ന ചൂട്, 14 മണിക്കൂറോളം നീളമുള്ള പകൽ. വേനൽ തുടങ്ങിയിട്ടേയുള്ളു, എങ്കിലും ഗൾഫ് വെന്തരുകുയാണ്. വെള്ളിയാഴ്ച വൈകുന്നേരം 3.15നാണ് യു.എ.ഇയിലെ ഈവർഷം ഇതുവരെ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില അബൂദബി അൽദഫ്‌റ മേഖലയിലെ മസൈറയിൽ രേഖപ്പെടുത്തിയത്. 49.9 ഡിഗ്രി സെൽഷ്യസ്. ജൂൺ 20, 21,22 തിയതികൾ ഏറ്റവും ദൈർഘ്യമേറിയ പകലിന്റേതാണ്. 13 മണിക്കൂറും 48 മിനിറ്റുമാണ് പകൽ സമയം. കടുത്തചൂട് കണക്കിലെടുത്ത് ഈമാസം 15 മുതൽ സെപ്തംബർ 15 വരെ യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കിയിട്ടുണ്ട്.
1796ന് ശേഷം അതായത് 228 വർഷങ്ങൾക്ക് ശേഷം യു.എ.ഇയിൽ ഉത്തരായനം നേരത്തേ കടന്നുവന്ന വർഷമാണിതെന്ന് ഗോളശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ ഉത്തരാർധ ഗോളത്തിന്റെ വടക്കേ അറ്റത്ത് സൂര്യൻ എത്തുന്ന ദിവസമാണ് ദിവസമാണ് ഉത്തരായനം. പതിവിലും നേരത്തേ ഈമാസം 20 നായിരുന്നു യു.എ.ഇക്ക് മുകളിലൂടെ ഉത്തരായന സൂര്യൻ കടന്നുപോയത്. ഇന്ന് മുതൽ ആഗസ്റ്റ് 10 വരെയാണ് വേനലിന്റെ ആദ്യ പകുതി. രണ്ടാം പകുതി ആഗസ്റ്റ് 11 മുതൽ സെപ്തംബർ 23 വരെയാകും. ഇക്കൂറി വേനൽ നേരത്തേ അവസാനിക്കുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും സെപ്തംബർ വരെ ചൂട് തുടരും.