യു.എ.ഇ ഭവന നിർമാണ പദ്ധതികൾ: ആറുമാസത്തിൽ 200കോടി സഹായം
ആയിരങ്ങൾക്ക് തുണയാകും
അബൂദബി: ഈ വർഷം ആദ്യ പകുതിയിൽ 200 കോടി ദിർഹമിന്റെ ഭവന ആനുകൂല്യങ്ങൾക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. സ്വദേശികളുടെ പാർപ്പിട ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള വിവിധ പദ്ധതികൾക്കാണ് അനുമതി. സ്വദേശി ക്ഷേമ പദ്ധതികൾ കൂടുതൽ വിപുലീകരിക്കാനും യു.എ.ഇ തീരുമാനിച്ചു.
എല്ലാ പൗരന്മാർക്കും മാന്യമായ ജീവിതവും അനുയോജ്യമായ ഭവനവും പ്രദാനം ചെയ്യുന്നതിനുള്ള തുടർച്ചയായ നീക്കങ്ങളുടെ ഭാഗമായാണ് തീരുമാനം. 2,618 ഭവന നിർമാണ അനുമതികൾക്കും അംഗീകാരം കൈമാറി.
ഈ വർഷം അബൂദബി 218 കോടി ദിർഹമിന്റെ ഭവന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എമിറേറിലെ 1,502 പൗരൻമാർക്ക് ഉപകാരപ്പെടുന്നതാണിത്. അബൂദബിയിലെ ആനൂകൂല്യങ്ങളിൽ ഭവനവായ്പകൾ, നിർമാണം പൂർത്തിയായ വീടുകൾ, ഭൂമി അനുവദിക്കൽ എന്നിവയും ഉൾപ്പെടും. മുതിർന്ന പൗരന്മാർ, വിരമിച്ചവരും കുറഞ്ഞ വരുമാനക്കാരുമായവർ, കുടുംബനാഥൻമാർ മരിച്ച കുടുംബങ്ങൾ എന്നിവരെ പാക്കേജ് പ്രകാരം വായ്പാ തിരിച്ചടവിൽ നിന്നൊഴിവാക്കിയിരുന്നു.
പാക്കേജിന്റെ പ്രഖ്യാപനത്തോടെ 2012ൽ അബൂദബി ഹൗസിങ് അതോറിറ്റി സ്ഥാപിതമായ ശേഷം ഭവന സഹായമായി ചെലവഴിച്ച പണം 149 ശതകോടി ദിർഹമായി ഉയരുകയുണ്ടായി.