പഴയ ലാപ്ടോപ്പും, മൊബൈലും സംഭാവന ചെയ്യാം; പാവപ്പെട്ട വിദ്യാർഥികൾക്കായി പദ്ധതി പ്രഖ്യാപിച്ച് ദി ഡിജിറ്റൽ സ്കൂൾ
ഉപയോഗിക്കാത്ത ലാപ്ടോപ്പോ, മൊബൈൽ ഫോണോ ഉണ്ടെങ്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകാൻ ഈ ഉപകരണങ്ങൾ സംഭാവന ചെയ്യാനൊരു അവസരമൊരുങ്ങിയിരിക്കുകയാണ്.
ദുബൈ സർക്കാരാണ് വിവിധ രാജ്യങ്ങളിലെ നിർധനരായ വിദ്യാർഥികൾക്കായി ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ പതിനായിരം ഉപകരണങ്ങൾ ശേഖരിക്കാനാണ് ദുബൈ ഡിജിറ്റൽ സ്കൂളിന്റെ പദ്ധതി.
ഡൊണേറ്റ് യുവർ ഓൺ ഡിവൈസ് എന്ന പേരിൽ പ്രഖ്യാപിച്ച കാമ്പയിനിലാണ് മൊബൈൽ ഫോണും, ലാപ്ടോപ്പും, ടാബും അടക്കമുള്ള ഉപകരണങ്ങൾ ശേഖരിക്കുക. എമിറേറ്റ്സ് റെഡ് ക്രസന്റും, ഇസിക്ലക്സും സംഭാവന ചെയ്യുന്ന ഈ ഉപകരണങ്ങൾ ശേഖരിക്കും.
ഉപയോഗിച്ചതോ, കേടുവന്നതോ ആയ ഉപകരണങ്ങളും പദ്ധതിയിലേക്ക് സ്വീകരിക്കും. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ്ലറ്റ്, മൊബൈൽ ഫോൺ, റൗട്ടറുകൾ, പ്രിന്ററുകൾ, ഹെഡ്ഫോൺ, പവർ ബാങ്ക് എന്നിവയെല്ലാം സംഭാവന ചെയ്യാം.
ഇവ കേടുപാടുകൾ പരിഹരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർഥികളിലേക്ക് എത്തിക്കും. പാവപ്പെട്ടവർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം എത്തിക്കുന്നതിന് മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷേറ്റീവ് നടപ്പാക്കുന്ന പദ്ധതിയാണ് ദി ഡിജിറ്റൽ സ്കൂൾ.
https://www.donateyourowndevice.org/ എന്ന വെബ്സൈറ്റിലൂടെ ഉപകരണങ്ങൾ നൽകാം. റെഡ് ക്രസന്റ്, യുഎഇയിലെ മൊബൈൽ കമ്പനികളുടെ എസ്എംഎസ് സംവിധാനം എന്നിവ വഴി പദ്ധതിയിലേക്ക് തുക സംഭാവന ചെയ്യാനും സൗകര്യമുണ്ടാകും. ലോകത്തിന്റെ ഒരു ഭാഗത്ത് ഇ വേസ്റ്റുകൾ കുന്നുകൂടുമ്പോൾ മറ്റൊരു ഭാഗത്ത് ഇത്തരം ഉപകരണങ്ങൾ പലർക്കും കിട്ടാക്കനിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.