ബലാത്സംഗത്തിന്റെ ഇരകൾക്ക് ഗർഭച്ഛിദ്ര അനുമതി നൽകാൻ യു.എ.ഇയിൽ നിയമം
വിദഗ്ധസമിതിയാണ് അനുമതി നൽകുക
അബൂദബി: ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് യു.എ.ഇയിൽ ഇനി ഗർഭച്ഛിദ്രത്തിന് അനുമതി നൽകും. ഇത് സംബന്ധിച്ച് യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സുപ്രധാന നിയമം പ്രഖ്യാപിച്ചു. നിയമവിധേയമായി ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതിന് പ്രഖ്യാപിച്ച നിയമങ്ങളുടെ ഭാഗമായാണ് തീരുമാനം. സ്ത്രീകളുടെ സമ്മതമില്ലാതെ നടന്ന ശാരീരിക ബന്ധത്തിലുണ്ടായ ഗർഭം ഒഴിവാക്കാൻ അനുമതി നൽകുന്നതാണ് യു.എ.ഇയിലെ പുതിയ നിയമം. ഗർഭധാരണത്തിന് കാരണക്കാരൻ സ്ത്രീയുമായി വിവാഹ ബന്ധത്തിന് യോഗ്യനല്ലാത്ത ബന്ധുവാണെങ്കിലും ഗർഭച്ഛിദ്രത്തിന് അപേക്ഷ നൽകാം. നിയമവിധേയമായി അബോർഷൻ അനുവദിക്കുന്ന സാഹചര്യങ്ങളിൽ ഇവ കൂടി ഉൾപ്പെടും.
നിയമവിധേയ ഗർഭച്ഛിദ്രത്തിനുള്ള അപേക്ഷകൾ പരിശോധിക്കാൻ എല്ലാ എമിറേറ്റിലും പ്രത്യേക വിദഗ്ധസമിതി രൂപീകരിക്കാൻ നേരത്തേ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ലൈസൻസ് ഉള്ള ആശുപത്രിയിയിൽ യോഗ്യതയുള്ള വിദഗ്ധർ മാത്രമാണ് ഗർഭച്ഛിദ്രം നടത്തേണ്ടത്. ഗർഭാവസ്ഥ 120 ദിവസം പിന്നിട്ടാൽ അബോർഷൻ അനുവദിക്കില്ല, ഗർഭച്ഛിദ്രം ഗർഭിണിയുടെ ജീവൻ അപകടത്തിലാക്കുമെങ്കിലും അനുമതി കിട്ടില്ല. ജീവാപായം ഭയപ്പെടുന്ന അടിയന്തര ഘട്ടങ്ങളിൽ ഭർത്താവിന്റെ അനുമതിയില്ലാതെ സ്ത്രീകൾക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്ന നിയമം ഒക്ടോബറിൽ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.