അഫ്ഗാനിലെ ഭൂകമ്പബാധിതരെ സഹായിക്കാന്‍ യു.എ.ഇ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആരംഭിച്ചു
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര വൈദ്യ സഹായമെത്തിക്കാനായി യു.എ.ഇ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആരംഭിച്ചു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് നിരവധി സൗകര്യങ്ങളോടെ തന്നെ താല്‍ക്കാലിക ആശുപത്രി സ്ഥാപിച്ചിരിക്കുന്നത്.
75 കിടക്കകളും 20 ഓക്സിജന്‍ സിലിണ്ടറുകളും രണ്ട് ഓപ്പറേഷന്‍ റൂമുകളും സജ്ജീകരിച്ച ആശുപത്രിക്ക് 1,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്.
ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ച, വേഗത്തില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലുള്ളവര്‍ക്കും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കും ദ്രുതഗതിയിലുള്ള മെഡിക്കല്‍ സേവനം ലഭ്യമാക്കുകയാണ് ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്ന് അഫ്ഗാനിസ്ഥാനിലെ യു.എ.ഇ അംബാസഡര്‍ ഈസ സലേം അല്‍ദാഹേരി പറഞ്ഞു.