ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇക്ക് 15ാം സ്ഥാനം
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ റാങ്കിങ്ങിൽ യു.എ.ഇ പാസ്‌പോർട്ടിന് 15ാം സ്ഥാനം ലഭിച്ചു. ആഗോള നിക്ഷേപ മൈഗ്രേഷൻ കൺസൾട്ടൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് യു.എ.ഇ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
വിസ ഫ്രീ, വിസ-ഓൺ-അറൈവൽ സ്‌കോർ 176ലേക്ക് ഉയർന്നതാണ് യു.എ.ഇ പാസ്പോർട്ടിന് കരുത്തായത്. ജി.സി.സി മേഖലയിലും ഏറ്റവും ശക്തമായ പാസ്‌പോർട്ട് യു.എ.ഇയുടേത് തന്നെയാണ്.
2012ൽ വെറും 106 സ്‌കോറുമായി 64ാം സ്ഥാനത്തായിരുന്ന യു.എ.ഇ വലിയ കുതിച്ചു ചാട്ടമാണ് അവസാന പത്തുവർഷത്തിൽ നേടിയിരിക്കുന്നത്.സമ്പന്നരായ നിക്ഷേപകരുടെയും ആഗോള കമ്പനികളുടേയും ഇഷ്ടകേന്ദ്രമായി രാജ്യം മാറിയതാണ് ഈ നേട്ടത്തിന് കാരണമായത്.
കഴിഞ്ഞ വർഷം ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് സൂചികയിൽ ഏറ്റവും ഉയർന്ന മൊബിലിറ്റി സ്‌കോർ നേടിയതിന്റെ പേരിൽ ആഗോളതലത്തിൽ യു.എ.ഇ ഒന്നാം സ്ഥാനവും നേടിയിരുന്നു.