ഒളിമ്പിക്‌സ് സുരക്ഷക്ക് യു.എ.ഇ പൊലീസും രംഗത്ത്
ഫ്രാൻസിൻറെ ക്ഷണം സ്വീകരിച്ചാണ് യു.എ.ഇ പൊലീസ് സേനാംഗങ്ങൾ ഒളിമ്പിക്‌സിൻറെ സുരക്ഷാ ചുമതല വഹിക്കുന്നത്
ദുബൈ: പാരിസ് ഒളിമ്പിക്‌സിന്റെ സുരക്ഷക്ക് ഫ്രഞ്ച് പൊലീസുമായി കൈകോർത്ത് യു.എ.ഇ പൊലീസ് സേന. ലോകകായിക മേള തുടങ്ങുന്നതിന് മുമ്പ് പാരിസ് നഗരത്തിലും വേദികളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാൻ യു.എ.ഇയുടെ പൊലീസ് നായ്ക്കൾ ഉൾപ്പെടെയുള്ള സംഘം രംഗത്തുണ്ട്.യു.എ.ഇയുടെ പൊലീസ് സേനാംഗങ്ങൾ നഗരത്തിന്റെ വിവിധ മേഖലകളിലും സ്റ്റേഡിയത്തിലും പരിശോധന നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ ആഭ്യന്തരമന്ത്രാലയം പങ്കുവെച്ചു.
സ്റ്റേഡിയങ്ങൾ, റോഡുകൾ, ടീം ലൊക്കേഷനുകൾ, ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങൾ ഇവിടെയെല്ലാം ഫ്രഞ്ച് പൊലീസിനെ സഹായിക്കാൻ യു.എ.ഇ സംഘവും കൂടെയുണ്ടാവും. ഫ്രാൻസിൻറെ ക്ഷണം സ്വീകരിച്ചാണ് യു.എ.ഇ പൊലീസ് സേനാംഗങ്ങൾ ഒളിമ്പിക്‌സിൻറെ സുരക്ഷാ ചുമതല വഹിക്കുന്നത്.
വിവിധ എമിറേറ്റുകളിലെ പൊലീസ് വകുപ്പുകളിൽ നിന്ന് മികച്ച പരിശീലനം നേടിയവരാണ് ലോക കായിക മാമാങ്കത്തിൻറെ സുരക്ഷക്ക് എത്തിയിരിക്കുന്നത്. ഇവർക്ക് ഫീൽഡ് പരിശീലനം, ഭാഷാ പഠനം എന്നിവ നേരത്തെ നൽകിയിരുന്നു. സുരക്ഷാ പദ്ധതികൾ നടപ്പാക്കാനും പ്രഥമശുശ്രൂഷ നൽകാനും പൊതുജനങ്ങളുമായി മികച്ച രീതിയിൽ ആശയവിനിമിയം നടത്താനും ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.