കുട്ടികളെ കാറിൽ തനിച്ചിരുത്തി പോയാൽ രക്ഷിതാവിന് കടുത്ത ശിക്ഷ
5,000 ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കും
അശ്രദ്ധയോടെ കുട്ടികളെ കാറിൽ ഇരുത്തി മറ്റു ആവശ്യങ്ങൾക്കായി പോകുന്ന രക്ഷിതാക്കൾക്കെതിരെ അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരക്കാർക്ക് 5,000 ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഇത്തരത്തിൽ കുട്ടികൾ കാറിനുള്ളിൽ അകപ്പെട്ടാൽ കൊടുംചൂടിൽ കുട്ടികൾക്ക് ശ്വസിക്കാനാവാതെ മരണം വരെ സംഭവിച്ചേക്കാമെന്നതാണ് മുന്നറിയിപ്പിന് കാരണം.
അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയരക്ടറേറ്റ് ഡയരക്ടർ ക്യാപ്റ്റൻ മുഹമ്മദ് ഹമദ് അൽ ഇസായ് പ്രാദേശിക ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്തിടെ ഇത്തരത്തിൽ പിതാവ് തന്റെ കുട്ടിയെ കാറിൽ ലോക്ക് ചെയ്ത് പോയതിനെ തുടർന്ന് ചൂട് സഹിക്കാനാവാതെ കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവം അൽ ഇസായി എടുത്ത് പറഞ്ഞു.
യാത്രയിലുടനീളം ജോലി സംബന്ധമായ ഫോൺകോൾ അറ്റൻഡ് ചെയ്യുന്ന തിരക്കിലായിരുന്ന പിതാവ്, വീട്ടിൽ എത്തിയ ശേഷം കാർ ലോക്ക് ചെയ്ത് പുറത്തിറങ്ങുമ്പോൾ ഉറങ്ങിക്കിടന്ന കുട്ടിയെ മറന്നു പോവുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം ഓർമ്മ വന്ന് കാർ തുറന്നപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഈ സംഭവം എല്ലാ രക്ഷിതാക്കളും മുന്നറിയിപ്പായി എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ നിർത്തിയിടുന്ന കാറുകളിലും കുട്ടികളെ തനിച്ചാക്കുന്നതും കുറ്റകരമാണ്. ചൂടുള്ള സമയത്ത് വാഹനത്തിനുള്ളിൽ ചൂടു കൂടുകയും തുടർന്ന് ഓക്സിജന്റെ അഭാവം മൂലം മരണമോ ശ്വാസംമുട്ടലോ വരെ സംഭവിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.