രക്തസാക്ഷികളെ സ്മരിച്ച് യുഎഇ; രാജ്യമെങ്ങും അനുസ്മരണ ദിനാചരണം
വിവിധ സേനാ ആസ്ഥാനങ്ങളിലും സർക്കാർ കേന്ദ്രങ്ങളിലും മൗന പ്രാർഥന നടന്നു
രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളുടെ ഓർമകളിൽ യു എ ഇ ഇന്ന് അനുസ്മരണ ദിനം ആചരിച്ചു. വിവിധ സേനാ ആസ്ഥാനങ്ങളിലും സർക്കാർ കേന്ദ്രങ്ങളിലും മൗന പ്രാർഥന നടന്നു.
രാജ്യത്തിനായി ജീവൻ നൽകിയവരുടെയും അവരുടെ കുടുംബത്തിന്റെയും സംഭാവനകളെ യു എ ഇ വിലമതിക്കുന്നുവെന്ന് രാഷ്ട്ര നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
അബൂദബി വാഹത് അൽ കറാമയിൽ നടന്ന മൗന പ്രാർഥനയിലും ചടങ്ങുകളിലും രക്തസാക്ഷികളുടെ കുടുംബത്തിന്റെ ക്ഷേമത്തിനായുള്ള കാര്യാലയത്തിന്റെ ചെയർമാൻ കൂടിയായ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ആൽനഹ്യാൻ സംബന്ധിച്ചു.
രക്തസാക്ഷികളുടെ വീര സ്മരണകൾക്ക് മുന്നിൽ ദേശീയപതാക പാതി താഴ്ത്തി കെട്ടിയായിയിരുന്നു മൗനാചരണം. വിവിധ എമിറേറ്റുകളിലെ പൊലീസ് ആസ്ഥാനങ്ങളിൽ അനുസ്മരണ ദിന പരിപാടികൾ ഒരുക്കിയിരുന്നു. ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദുബൈ പൊലീസ് അനുസ്മരണ ദിനം അവിസ്മരണീയമാക്കിയത്.
യു എ ഇയുടെ വിവിധ കേന്ദ്രങ്ങളിൽ രക്‌സാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങുകൾ നടന്നു. വീര നായകർ എന്നും ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവനക്കുമെന്നും അവരുടെ ത്യാഗത്തെ എക്കാലവും വിലമതിക്കുമെന്നും രാഷ്ട്ര നേതാക്കൾ പറഞ്ഞു.