മൊറോക്കോയെ സഹായിക്കാൻ ഉത്തരവിട്ട് യു.എ.ഇ ഭരണാധികാരികൾ
വിമാനമാർഗം ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ മൊറോക്കോയുമായി എയർ ബ്രിഡ്ജ് സംവിധാനം സ്ഥാപിക്കാൻ യു.എ.ഇ തീരുമാനിച്ചു
ദുബൈ: ഭൂകമ്പം നാശം വിതച്ച മൊറോക്കോയെ സഹായിക്കാൻ യു.എ.ഇ രാഷ്ട്രനേതാക്കളുടെ ആഹ്വാനം. വിമാനമാർഗം ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ മൊറോക്കോയുമായി എയർ ബ്രിഡ്ജ് സംവിധാനം സ്ഥാപിക്കാൻ യു.എ.ഇ തീരുമാനിച്ചു.
മൊറോക്കോയിലെ ദുരന്തബാധിതർക്ക് സഹായമെത്തിക്കാൻ യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഉത്തരവിട്ടു. ഭക്ഷണം, താമസസൗകര്യം എന്നിവ ഉൾപ്പെടെ ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് ഫൗണ്ടേഷനും അതിന്റെ അനുബന്ധ ചാരിറ്റി സ്ഥാപനങ്ങൾക്കും നിർദേശം നൽകി.
ദുബൈ പോലീസിന്റെ റെസ്‌ക്യൂ സംഘടവും, ആംബുലൻസും മൊറോക്കോയിലേക്ക് തിരിച്ചു. പരിക്കേറ്റവരെല്ലാം വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ അനുശോചന സന്ദേശത്തിൽ കുറിച്ചു. മൊറോക്കോയിലെ ഇമാറാത്തി പൗരൻമാരോട് ജാഗ്രത പാലിക്കാൻ റബാത്തിലെ യു.എ.ഇ.എംബസി നിർദേശം നൽകി.