അബൂദബിയിൽ മിസൈൽ കേന്ദ്രം നിര്‍മിക്കാനൊരുങ്ങി യു.എ.ഇ
പ്രതിരോധ സ്ഥാപനമായ എം ബി ഡി എയുടെ യൂറോപ്പിന് പുറത്തെ ആദ്യ കേന്ദ്രമാണ് അബൂദബിയിൽ പ്രവർത്തനം തുടങ്ങിയത്
അബൂദബിയിൽ സ്മാർട്ട് യുദ്ധോപകരണങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ട് മിസൈൽ എഞ്ചിനീയറിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി. പ്രതിരോധ സ്ഥാപനമായ എം ബി ഡി എയുടെ യൂറോപ്പിന് പുറത്തെ ആദ്യ കേന്ദ്രമാണ് അബൂദബിയിൽ പ്രവർത്തനം തുടങ്ങിയത്. എം ബി ഡി എയും തവാസുൻ കൗൺസിലും കൈകോർത്താണ് അബൂദബിയിലെ മിസൈൽ എഞ്ചിനീയറിങ് കേന്ദ്രം പ്രവർത്തിപ്പിക്കുക.
ഉദ്ഘാടന ചടങ്ങിൽ തവാസുൻ കൗൺസിൽ സെക്രട്ടറി ജനറൽ താരിഖ് അൽ ഹുസൈനി, യു എ ഇയിലെ ഫ്രഞ്ച് അംബാസഡർ നികോളാസ് നിമിച്ചിനോവ്, എം ബി ഡി എ സി ഇ എ എറിക് ബെർനാഗർ തുടങ്ങിയവർ പങ്കെടുത്തു. യു എ ഇയുടെ പ്രതിരോധരംഗം ശക്തമാക്കുന്നതിന് ആവശ്യമായി സ്മാർട്ട് യുദ്ധോപകരണങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മിസൈൽ കേന്ദ്രം പ്രവർത്തിക്കുകയെന്ന് എം ബി ഡി എ, തവാസുൻ കൗൺസിൽ പ്രതിനിധികൾ പറഞ്ഞു. യൂറോപ്പിന് പുറത്ത് ആദ്യമായാണ് എം.ബി.ഡി.എ മിസൈൽ കേന്ദ്രം ആരംഭിക്കുന്നത്. ഗൾഫ് മേഖലയുടെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി പടക്കോപ്പുകൾ ഒരുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അധികൃതർ പറഞ്ഞു.